ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്ക് സമീപം സ്ഫോടനം നടന്നതിനെതുടര്‍ന്ന് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ചെറിയ സ്േഫാടനമാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള ഇസ്രായേല്‍ എംബസിക്ക് സമീപം തീവ്രത കുറഞ്ഞ സ്ഫോടനമാണ് നടന്നത്. നടപ്പാതയ്ക്ക് സമീപമാണ് സ്ഫോടനം നടന്നതെന്നും സമീപത്തെ മൂന്ന് കാറുകളുടെ വിന്‍ഡ്സ്ക്രീനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും ഡല്‍ഹി പോലീസ് അറിയിച്ചു. ഇതുവരെ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍ എമ്ബസി അധികൃതരുമായി ചര്‍ച്ച നടത്തി. സ്ഫോടനത്തെതുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മറ്റ് പ്രധാന സ്ഥാപനങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി.ഐ.എസ്.എഫ്) അറിയിച്ചു.സംഭവസ്ഥലത്ത് നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ അബ്ദുല്‍ കലാം റോഡ് പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടക്കുകയും ചെയ്തു.
സൈനികരുടെ ബീറ്റിങ് ദെ റിട്രീറ്റ് ചടങ്ങ് നടക്കുന്ന വിജയ ചൗക്കില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം നടന്നത്. ഏറെ സുരക്ഷയുള്ള മേഖലയാണിത്. സ്ഫോടകവസ്തു പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് എംബസിയില്‍നിന്ന് മീറ്ററുകള്‍ മാത്രം അകലെയുള്ള ജിന്‍ഡാല്‍ വസതിക്ക് പുറത്തെ നടപ്പാതയില്‍ ഉപേക്ഷിക്കുകയായിരുന്നു.