മസ്കത്ത്: ഒമാനിൽ ഏപ്രിൽ മുതൽ പുതിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വരും. ഇതനായുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് ഒമാൻ തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സൈദ് ബൗവിൻ പറഞ്ഞു. തൊഴിൽ നിയമത്തിനൊപ്പം പുതുക്കിയ സിവിൽ സർവിസ് നിയമവും നിലവിൽ വരും.
ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷത്തിനൊപ്പം പ്രൊഡക്റ്റിവ് ആയ തൊഴിൽ സാഹചര്യം കൂടി സൃഷ്ടിക്കുന്നതായിരിക്കും നിയമമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ, സ്വകാര്യ മേഖലയിലെ വേതനം, തൊഴിൽ സമയം, ജോലിസമയങ്ങൾ തുടങ്ങിയവ ഏകീകരിക്കുന്നത് സർക്കാർ ആലോചനയിലുണ്ട്. നിയമങ്ങൾ നിലവിൽ വരുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത കൈവരും.
കോവിഡ് സാഹചര്യത്തിൽ സ്വദേശി ജീവനക്കാരെ പിരിച്ചുവിടുന്നതിനും വേതനം കുറയ്ക്കുന്നതിനുമായി മുന്നൂറിലധികം കമ്പനികൾ അപേക്ഷിച്ചതായും തൊഴിൽ മന്ത്രി പറഞ്ഞു. 70,000ത്തിലധികം ജീവനക്കാരാണ് ഈ കമ്പനികളിലുള്ളത്. സ്വദേശികളെ പിരിച്ചുവിടാതെ ജോലിയിൽ തുടരാൻ അനുവദിക്കുന്നതിനായുള്ള പരിശ്രമങ്ങൾ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തി. മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കമ്പനികളുമായി നടത്തിയ ചർച്ചയിൽ പലരെയും തുടരാൻ അനുവദിച്ചതായും ഡോ. മഹദ് ബിൻ സൈദ് പറഞ്ഞു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർന്നുവരുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലേക്കാണ് മഹാമാരി കടന്നുവരുന്നത്. ഇത് കടുത്ത പ്രതിസന്ധിതന്നെയാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.