റിയാദ്: സൗദി അറേബ്യയില്‍ വനിത ആക്റ്റിവിസ്റ്റിന് ആറു വര്‍ഷം തടവ് ശിക്ഷ. തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ അനുസരിച്ചാണ് ലൂജൈന് അല്‍-ഹത്ലൗളിന് കോടതി ശിക്ഷ വിധിച്ചത്.
കഴിഞ്ഞ രണ്ടര വര്‍ഷമായി അറസ്റ്റ് ചെയ്യപ്പെട്ട് ഇവര്‍ ജയിലില്‍ കിടക്കുകയായിരുന്നു. വാഹനമോടിക്കാനുള്ള അവകാശം 2018 ല്‍ അനുവദിക്കുന്നതിനുമുമ്പ് ഇതിന് വനിതകളോട് പരസ്യമായി ആഹ്വാനം ചെയ്ത സൗദി വനിതകളില്‍ അല്‍ ഹത്ലൂളും ഉള്‍പ്പെട്ടിരുന്നു. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും വിദേശയാത്രയേയും തടസ്സപ്പെടുത്തുന്ന രക്ഷാകര്‍തൃ നിയമങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിച്ചത്.
നിയമത്തിനെതിരേ പ്രക്ഷോഭം നടത്തുക, വിദേശ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുക, സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ഗവണ്മെന്റിനെ മോശമാക്കുക, രാജ്യനിയമങ്ങല്ക്കെതിരെ വ്യക്തികളുമായും സ്ഥാപനങ്ങളുമായും സഹകരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അല്‍ ഹത്ലൂളിനെ രാജ്യത്തിന്റെ തീവ്രവാദ വിരുദ്ധ കോടതി കുറ്റക്കാരിയാണെന്ന് വിധിച്ചെതന്ന് ഔദ്യോഗിക സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിധിന്യായത്തില്‍ അപ്പീല്‍ നല്കാന് അവര്‍ക്ക് 30 ദിവസമുണ്ട്.
അതേസമയം ജയിലില്‍ കിടന്ന കാലയളവ് പരിഗണിച്ചാല്‍ 2021 മാര്‍ച്ചോടെ ഇവര്‍ പുറത്തിറങ്ങുമെന്ന്
സൗദി രാഷ്ട്രീയ തടവുകാരെ കേന്ദ്രീകരിച്ചുള്ള ”Prisoners of Conscience ” അറിയിച്ചു. 2018 മെയ് മുതല്‍ അവര്‍ ജയിലില്‍ കിടക്കുകയായിരുന്നതിനാല്‍ 34 മാസത്തെ ശിക്ഷ ഒഴിവാക്കുകയും ചെയ്യും.
തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചതിന് അഞ്ച് വര്‍ഷവും എട്ട് മാസവും ജയില്‍ ശിക്ഷ അനുഭവിക്കാന്‍ ജഡ്ജി ഉത്തരവിട്ടത്.
കുറ്റം ചെയ്തതായി പ്രതി സമ്മതിച്ചിരുന്നു. പ്രോസിക്യൂട്ടര്‍, പ്രതി, സര്‍ക്കാരിന്റെ മനുഷ്യാവകാശ കമ്മീഷന്റെ പ്രതിനിധി, തിരഞ്ഞെടുത്ത പ്രാദേശിക മാധ്യമ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വിധി പുറപ്പെടുവിച്ചതെന്ന് ജഡ്ജി പറഞ്ഞു.