ആര്യാടന് ഭൂരിപക്ഷം 11077
ആര്യാടന് ഷൗക്കത്ത്( യുഡിഎഫ്): 69953
എം.സ്വരാജ്(എല്‍ഡിഎഫ്):59201
പി.വി അന്‍വര്‍( സ്വ)- 17876
അഡ്വ. മോഹന്‍ജോര്‍ജ്(ബിജെപി): 7601
അഡ്വ. സാദിക് നടുത്തൊടി(എസ്.ഡി.പി.ഐ): 1977
നിലമ്പൂര്‍: തുടര്‍ച്ചയായ രണ്ടു തവണ കുത്തക സീറ്റ് നഷ്ടപ്പെട്ടെങ്കിലും ഇത്തവണ ആര്യാടന് ഷൗക്കത്തിലൂടെ നിലമ്പൂര്‍ യു.ഡി.എഫ് തിരിച്ചെടുത്തു. യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ അതു വന്‍ വിജയമായി. കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടതും സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളും എല്‍.ഡി.എഫിന് വന്‍ പരാജയമുണ്ടാക്കി.
അന്‍വര്‍ പാരയായത് സ്വരാജിന്
ഇടതുമുന്നണിയുമായി തെറ്റിപ്പിരിഞ്ഞ പി.വി അന്‍വര്‍ സ്വതന്ത്രനായി മത്സരിച്ചത് എല്‍ഡിഎഫിന് വന്‍ പാരയായി. അന്‍വര്‍ പിടിച്ച വോട്ടുകള്‍ അധികവും എല്‍.ഡി.എഫിന്റെ ഉറച്ച വോട്ടുകളായിരുന്നു. ഇതോടെ അന്‍വര്‍ എന്ന വിമതനെ രാഷ്ട്രീയ കേരളത്തിന് കുറച്ചുനാളത്തേക്കെങ്കിലും തള്ളിക്കളയാനാകാത്ത സ്ഥിതിയിലായി. അതേസമയം അന്‍വറിനെ കൂട്ടാതെയുള്ള യു.ഡി.എഫ് വിജയത്തിന് മാറ്റുകൂടും.
നേതാക്കളും അണികളും ഒരുമിച്ച്
യു.ഡി.എഫ് നേതാക്കളും അണികളും ഒരുമിച്ച് നേരിട്ട തെരഞ്ഞെടുപ്പായിരുന്നു നിലമ്പൂരിലേത്. ഘടകക്ഷികള്‍ക്കു വേണ്ടത്ര പ്രാമുഖ്യം നല്‍കിയും മുസ്ലിംലീഗിനെ മുന്നില്‍ നിര്‍ത്തിയും പ്രചാരണം ശക്തമാക്കിയപ്പോള്‍ ഭരണവിരുദ്ധ വികാരത്താല്‍ ബുദ്ധിമുട്ടിയ ജനങ്ങള്‍ ഐക്യത്തോടെ കോണ്‍ഗ്രസിനെ വിജയിപ്പിച്ചു. അന്‍വര്‍ മത്സരിച്ചിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതില്‍ നിന്ന് ആയിരം വോട്ടുകളുടെ വ്യത്യാസമേ കോണ്‍ഗ്രസിനുണ്ടായിട്ടുള്ളൂ.
എല്‍ഡിഎഫിനേറ്റ അടി
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫിന്റെ കരുത്ത് വര്‍ധിപ്പിക്കും. മുന്നണിയില്‍ നിന്ന് അകന്നവരെ തിരിച്ചുകൊണ്ടുവരാനും കൂടുതല്‍ പേര് മുന്നണിയില്‍ ചേരാനും ഇത് സഹായിക്കും. അതേസമയം എല്‍ഡിഎഫിനേറ്റ വലിയ തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് പരാജയം. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ചേലക്കര ഒഴികെയുള്ള ഇടങ്ങളിലെല്ലാം ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചു.