പ്രവാസികള്‍ക്കായി കുടുംബശ്രീ മാതൃകയില്‍ പ്രവാസി മിഷന്‍ വരുന്നു

തിരുവനന്തപുരം: ലോക കേരള സഭാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം.
പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുന്നതിന് പ്രവാസി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് സ്വയം സഹായസംഘങ്ങള്‍, സഹകരണ സംഘങ്ങള്‍ മുതലായവ രൂപീകരിക്കുന്നത് പരിഗണനയിലുണ്ട്. കുടുംബശ്രീ മാതൃകയില്‍ പ്രവാസി മിഷന്‍ രൂപീകരിക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുന്നതാണ്. ആതിഥേയ രാജ്യങ്ങളുടെ സംഭാവനയുടെ അടിസ്ഥാനത്തില്‍ പ്രവാസി ക്ഷേമ ഫണ്ട് രൂപീകരിക്കേണ്ടത് ആഗോളതലത്തില്‍ നടപ്പിലാക്കേണ്ടതാണ്. കുടിയേറ്റ തൊഴിലാളികളെ കയറ്റി അയയ്ക്കുന്ന രാജ്യങ്ങളുടെ ഐക്യത്തിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാവൂ. ഉത്സവ സീസണില്‍ ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന കാര്യവും പരിഗണിക്കുന്നതാണ്.

സര്‍വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ ആയതിനാല്‍ മലയാളം ചെയര്‍ ആരംഭിക്കല്‍ അതതു സര്‍വകലാശാലകളാണ് തീരുമാനിക്കേണ്ടത്. ഈ ആവശ്യം വിവിധ സര്‍വകലാശാലകളുമായി ചര്‍ച്ച ചെയ്യാവുന്നതാണ്. ലോക കേരളസഭയില്‍ ഉന്നയിക്കപ്പെട്ട ആശയങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പിലാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കും. തുടര്‍പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാന്‍ ലോക കേരളസഭ പ്രതിനിധികളെ ഉള്‍പ്പെടുത്തി 15 അംഗ സ്റ്റാന്‍ഡിംഗ് കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക കേരളം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു

പ്രവാസി പുനരധിവാസം ഫലപ്രദമായി നടപ്പിലാക്കുന്നതിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്. പ്രവാസി ഓണ്‍ലൈന്‍ സംഗമങ്ങള്‍ നടത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 2019 ആരംഭിച്ച പ്രവാസി ഡിവിഡന്റ് പദ്ധതി പ്രവാസികള്‍ക്ക് മെച്ചമുള്ള നിക്ഷേപ പദ്ധതിയായി തുടരുന്നു. പ്രവാസി ഡിവിഡന്റ് പദ്ധതി പ്രകാരം 315 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ച് കിഫ്ബിയിലേക്ക് നല്‍കിയിട്ടുണ്ട്. 2019 ലെ നിക്ഷേപകര്‍ക്ക് പ്രതിമാസ ഡിവിഡന്റ് 2023 ജനുവരി മാസം മുതല്‍ നല്‍കിത്തുടങ്ങി. കേരളീയ പ്രവാസി സംഘടനകളെ ഏകോപിപ്പിച്ച് രോഗബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കും സംരക്ഷണം നല്‍കാന്‍ സ്‌കീം വികസിപ്പിക്കുമെന്നത് തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനമാണ്. ഇത് നടപ്പിലാക്കിയിട്ടുണ്ട്. മരണപ്പെട്ട പ്രവാസികളുടെ ആശ്രിതര്‍ക്കും രോഗബാധിതര്‍ക്കും ധനസഹായത്തിനായി സാന്ത്വന പദ്ധതി നടപ്പിലാക്കി വരുന്നു. തൊഴില്‍ നഷ്ടമായി തിരികെ വന്നവര്‍ക്ക് വായ്പാ ധനസഹായത്തിനായി എന്‍.ഡി.പ്രേം, നോര്‍ക്കാ പുനരധിവാസ ഏകോപന സംയോജന പദ്ധതി എന്നിവ നടപ്പിലാക്കിവരുന്നു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷക്കുള്ള ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയും നിലവിലുണ്ട്. നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രവാസികള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയെന്ന ദീര്‍ഘകാല ആവശ്യവും നിര്‍വ്വഹിക്കപ്പെടും.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here