തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ വയനാട് മത്സരിക്കാന്‍ സഹോദരി പ്രിയങ്ക ഗാന്ധി എത്തുന്നു.
വയനാട് ഒഴിഞ്ഞ് റായ്ബറേലി നിലനിര്‍ത്താന്‍ തീരുമാനമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വയനാട് ജനതയുടെ സ്നേഹം ജീവിതകാലം മുഴുവന്‍ ഓര്‍ക്കുമെന്നും ലോക്സഭയില്‍ വയനാടിന് രണ്ട് ജനപ്രതിനിധികള്‍ ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലിന്റെ അഭാവം തോന്നാത്ത വിധം പ്രവര്‍ത്തിക്കുമെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു. ആദ്യമായാണ് പ്രിയങ്ക ഗാന്ധി മല്‍സരിക്കാനിറങ്ങുന്നത്.
വയനാട് എം.പി സ്ഥാനം രാജിവയ്ക്കുന്ന രാഹുല്‍, പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കും.
മൂര്‍ച്ചയേറിയ വാക്കുകളിലൂടെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പോരാട്ടം. 2019ല്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല വഹിച്ചിരുന്ന പ്രിയങ്ക പിന്നീട് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആയി.
18-ാം ലോക്സഭയില്‍ ഇന്‍ഡ്യ മുന്നണിയുടെ നേതൃനിരയിലേക്ക് പ്രിയങ്ക കൂടിയെത്തുന്നതോടെ ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ കരുത്ത് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. നിര്‍ണായ ഘട്ടത്തില്‍ ഉത്തരേന്ത്യയിലെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് രാഹുല്‍ ഗാന്ധിയുടെ സീറ്റ് റായ്ബറേലിയില്‍ നിലനിര്‍ത്തേണ്ടത് അനിവാര്യതയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയും ഇതേ ആവശ്യം തന്നെയാണ് മുന്നോട്ടുവച്ചത് . രാഹുല്‍ റായ്ബറേലി നിലനിര്‍ത്തി ഉത്തരേന്ത്യയിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമ്പോള്‍, പ്രിയങ്കയുടെ വയനാട് സീറ്റിലൂടെ ദക്ഷിണേന്ത്യയില്‍ നേട്ടം ഉണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് ദേശീയ നേതൃത്വം. അതേസമയം പ്രതിപക്ഷ നേതൃസ്ഥാനം രാഹുല്‍ ഏറ്റെടുത്തേക്കും എന്നാണ് സൂചന.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മടങ്ങുന്നത് പ്രിയങ്കാ ഗാന്ധിയെ പകരം നല്‍കിയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനമുയര്‍ത്തുമ്പോഴും യുഡിഎഫിന് പ്രിയങ്കയുടെ വരവ് ഊര്‍ജ്ജമാകും. കന്നിയങ്കത്തിനാണ് പ്രിയങ്ക എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.