വിവാഹാനന്തരമുള്ള പ്രശ്‌നങ്ങള്‍ കൂടുന്നു: വനിത കമ്മിഷന്‍

വിവാഹാനന്തരമുണ്ടാകുന്ന ഗാര്‍ഹിക പ്രശ്‌നങ്ങള്‍ കൂടിവരികയാണെന്നു കേരള വനിത കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അംഗം.
യുവതി – യുവാക്കള്‍ക്കിടയിലെ സാമ്പത്തിക പ്രശ്‌നങ്ങളും പരസ്പര ബഹുമാനവും വിശ്വാസമില്ലായ്മയും പുതുതലമുറയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. സ്ത്രീകള്‍ ഒരു വ്യക്തിയെ മനസിലാക്കിക്കൊണ്ട് ബുദ്ധിപരമായി പെരുമാറണം. വിദ്യാസമ്പന്നരായ സ്ത്രീകളെ ജോലിക്ക് പോകാന്‍ അനുവദിക്കാതെ വീട്ടു തടങ്കലിലാക്കുന്ന ഭര്‍ത്താവും ഭര്‍തൃവീട്ടുകാരുമുണ്ടെന്നത് ഞെട്ടലോടെയാണ് കമ്മിഷന്‍ കേട്ടത്. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടി ജോലി സമ്പാദിച്ചതിന് ശേഷം മാത്രം വിവാഹം കഴിക്കുക. വിവാഹപൂര്‍വ കൗണ്‍സിലിംഗിനൊപ്പം തന്നെ വിവാഹാനന്തര കൗണ്‍സിലിംഗും അനിവാര്യമാണെന്ന് വനിത കമ്മിഷന്‍ അംഗം പറഞ്ഞു.
സ്ത്രീകള്‍ ജോലിചെയ്യുന്ന 11 ഓളം അസംഘടിത മേഖലയില്‍ വനിത കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് നടത്തി അവര്‍ക്കായി നിയമ ബോധവല്‍ക്കരണം നടത്തുന്നതിനൊപ്പം അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരില്‍ കേട്ട് റിപ്പോര്‍ട്ടാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. തീരപ്രദേശങ്ങളിലെയും മലയോര പ്രദേശങ്ങളിലെയും സ്ത്രീകള്‍ക്കായി കമ്മീഷന്‍ നിയമ ബോധവല്‍ക്കരണവും സെമിനാറുകളും നടത്തുന്നതിനൊപ്പം അവരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ കേള്‍ക്കുന്ന നൂതനമായ കര്‍മ്മ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് ജാഗ്രത സമിതിയെ സജീവമാക്കി ആ പ്രദേശത്തെ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനാവശ്യമായ പരിശീലന പരിപാടികളും നടന്നുവരുന്നു.
വഴി പ്രശ്‌നം, വൃദ്ധമാതാവിനെ സംരക്ഷിക്കാത്തത്, ആശ്രിത നിയമനത്തില്‍ ജോലി കിട്ടിയ മകന്‍ മാതാവിനെ സംരക്ഷിക്കാത്തത് തുടങ്ങിയവയായിരുന്നു അദാലത്തില്‍ പരിഗണനയ്ക്കു വന്ന മറ്റ് പ്രധാന പരാതികള്‍.
സിറ്റിങ്ങില്‍ 80 പരാതികള്‍ പരിഗണിച്ചു. 20 കേസുകള്‍ തീര്‍പ്പാക്കുകയും 15 എണ്ണത്തില്‍ പോലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ബാക്കി 45 കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കുന്നതിനായി മാറ്റി.
അഡ്വ. ജീനു എബ്രഹാം, അഡ്വ. രേഷ്മ ദിലീപ്, അഡ്വ. മിനീസ, സഖി വണ്‍ സ്റ്റോപ്പ് കൗണ്‍സിലിംഗ് സെന്റര്‍ കൗണ്‍സിലര്‍ സായൂജ്യ സജു, വനിതാ സെല്‍ എസ്‌ഐ കലാദേവി വനിത കമ്മിഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.