കേന്ദ്രാനുമതി വൈകി; മന്ത്രി സജി ചെറിയാന്റെ യു.എ.ഇ സന്ദര്‍ശനം റദ്ദാക്കി

തിരുവനന്തപുരം: കേന്ദ്രാനുമതി വൈകിവന്നതിനെത്തുടര്‍ന്നു മന്ത്രി സജി ചെറിയാന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി. യുഎഇയിലെ രണ്ടു നഗരങ്ങളില്‍ മലയാളം മിഷന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനു പോകാനായിരുന്നു തീരുമാനം.
നേരത്തേ ടിക്കറ്റ് എടുത്ത അദ്ദേഹം വിമാനത്താവളത്തില്‍ എത്തിയെങ്കിലും അവസാന നിമിഷവും കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ മടങ്ങി. എന്നാല്‍ ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ കേന്ദ്രം അനുമതി നല്‍കി. വ്യാഴാഴ്ചത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായുള്ള വിമാന സമയത്തിനു ശേഷമാണ് അനുമതി ലഭിച്ചതെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് യാത്ര റദ്ദാക്കിയത്. അബുദാബി നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കേന്ദ്രം നേരത്തേ അനുമതി നിഷേധിച്ചിരുന്നു. യുഎസ്, ക്യൂബ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുഖ്യമന്ത്രിയും സംഘവും കേന്ദ്രാനുമതിക്ക് അപേക്ഷിച്ചിരിക്കുകയാണ്. അടുത്തമാസമാണു മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയും ക്യൂബയും സന്ദര്‍ശിക്കാനിരിക്കുന്നത്. ജൂണ്‍ 8 മുതല്‍ 18 വരെയാണ് സന്ദര്‍ശനം. യുഎസില്‍ ലോക കേരള സഭയുടെ റീജ്യനല്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ലോകബാങ്കുമായി യുഎസില്‍ ചര്‍ച്ച നടത്തും. സ്പീക്കറും ധനമന്ത്രിയും അടക്കം 11 അംഗങ്ങളാണ് സംഘത്തിലുള്ളത്. ക്യൂബയിലേക്കുള്ള യാത്രയില്‍ ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെ അനുഗമിക്കും.