റിയാദ്: പത്തു വിശ്വാസികൾക്ക് കോവിഡ്- 19 സ്ഥിരീകരിച്ചതിനു പിന്നാലെ സൗദി അറേബ്യയിലെ മൂന്നു മേഖലകളിലായി എട്ടു പള്ളികൾ അടച്ചു. 29 ദിവസത്തിനിടെ 236 പള്ളികൾ താത്കാലികമായി അടച്ചതായി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ, ഇതിൽ 224 പള്ളികളിലും അണുനശീകരണം നടത്തി സുരക്ഷ ഉറപ്പാക്കിയശേഷം തുറക്കുകയുണ്ടായി.
റിയാദിൽ തിങ്കളാഴ്ച ആറു പള്ളികളാണ് അടച്ചത്. മദീനയിലും തബൂക്കിലും ഓരോ പള്ളികൾ അടച്ചു. മക്കയിലും ഖ്വാസിമിലും കിഴക്കൻ പ്രവിശ്യയിലും നേരത്തേ അടച്ചിരുന്ന ആറു പള്ളികൾ വീണ്ടും തുറന്നതായി മന്ത്രാലയം അറിയിച്ചു.
കോവിഡ് ചട്ടങ്ങൾ പൂർണമായും പാലിക്കണമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്നും മന്ത്രാലയം വിശ്വാസികളോടും പള്ളി അധികൃതരോടും ആവശ്യപ്പെട്ടു.