ദുബായ് നഗരത്തിന് കുവൈത്ത് അമീറിന്റെ പേര്‌

ദുബായ് : കുവൈത്തിന്റെ 60ാം ദേശീയ ദിനത്തിന്​ ആദരവുമായി ദുബായിലെ ​നഗരപ്രദേശത്തിന്​​ അന്തരിച്ച കുവൈത്ത്​ അമീര്‍ ശൈഖ്​ സബാഹ്​ അല്‍ അഹ്​മദ്​ അല്‍ ജാബിര്‍ അല്‍ സബാഹിന്റെ പേരിട്ടു. ഡിസംബര്‍ രണ്ട്​ സ്ട്രീറ്റ് മുതല്‍ ദുബായ് ക്രീക്ക് വരെ നീളുന്ന അല്‍ മന്‍‌കൂല്‍ റോഡിന്റെ പേരാണ്​ വ്യാഴാഴ്​ച ശൈഖ്​ സബാഹ്​ അല്‍ അഹ്​മദ് അല്‍ ജാബര്‍ അല്‍ സബാഹ്​ സ്ട്രീറ്റ് എന്ന് നാമകരണം ചെയ്തത്​.

യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂമിന്റെ നിര്‍ദേശപ്രകാരമാണ്​ റോഡിന്റെ പേര്​ പുനര്‍നാമകരണം ചെയ്​തത്​. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ചരിത്രപ്രധാനമുള്ള ഭാഗങ്ങളിലൊന്നാണിത്​. എമിറേറ്റിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ ഈ പേര്​മാറ്റം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന്​ റോഡ്​ ആന്‍ഡ്​ ട്രാന്‍സ്​പോര്‍ട്ട്​ അതോറിറ്റി (ആര്‍.ടി.എ) ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ അഭിപ്രായപ്പെട്ടു .

അതെ സമയം പേരുമാറ്റത്തെത്തുടര്‍ന്ന് റോഡിന്​ കുറുകെ സ്​ഥാപിച്ചിരുന്ന 55 ബോര്‍ഡുകളും സൈന്‍ബോര്‍ഡുകളും മാറ്റി സ്​ഥാപിച്ചു. അറബ്​ ലോകത്തെ ഐക്യത്തിന്​ ശൈഖ്​ സബാഹ്​ നല്‍കിയ സംഭാവനകള്‍ക്കുള്ള ആദരമാണിതെന്ന്​ അല്‍ തായര്‍ പറഞ്ഞു.