തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെത്തുടർന്ന് ഒഴിവുവന്ന മലപ്പുറം പാർലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതേ ദിവസം നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ മേയ് രണ്ടിന്.
മാർച്ച് 12ന് വിജ്ഞാപനം വരും. പത്രികകളുടെ സൂക്ഷമ പരിശോധന മാർച്ച് 20ന്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 22ന്.
കേരളത്തെ കൂടാതെ തമിഴ്നാട്, ബംഗാൾ, അസം, പുതിച്ചേരി എന്നീ നാലു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. അസമിൽ മാർച്ച് 27, ഏപ്രിൽ ഒന്ന്, ആറ് തീയിതികളിൽ മൂന്നുഘട്ടമായാണ് വോട്ടെടുപ്പ്. ബംഗാളിൽ എട്ടുഘട്ടം. എല്ലായിടത്തും വോട്ടെണ്ണൽ മേയ് രണ്ടിന്.
അഞ്ചു സംസ്ഥാനങ്ങളിലായി 824 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ആകെ 1869 കോടി വോട്ടർമാർ. പോളിങ് സ്റ്റേഷനുകൾ 2.7 ലക്ഷം. മൂന്നു ലക്ഷം സർവീസ് വോട്ടർമാർ. എല്ലാ സംസ്ഥാനങ്ങളിലും പോളിങ് സ്റ്റേഷനുകൾ വൻ തോതിൽ ഉയരും. കേരളത്തിൽ 2016ൽ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 21,498 ആയിരുന്നു. ഇക്കുറി അത് 40771 ആകും. 89.65 ശതമാനത്തിന്റെ വർധന.
കോവിഡ് പശ്ചാത്തലത്തിൽ പോളിങ് സമയം ഒരുമണിക്കൂർ നീട്ടി. മുതിർന്ന പൗരന്മാർക്കും അംഗപരിമിതർ്കും പോസ്റ്റൽ ബലറ്റ് തുടരും. വീടു കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേരെ അനുവദിക്കും. വാഹന റാലിക്ക് അഞ്ചു വാഹനങ്ങൾ. പത്രികാ സമർപ്പണത്തിന് രണ്ടുപേർ. ഓൺലൈനായും പത്രിക നൽകാം. എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴെ നിലയിൽ.