റിയാദ്: പതിനഞ്ച് വർഷക്കാലത്തെ പ്രവാസ ജിവിതത്തിനൊടുവിൽ സഹപ്രവർത്തകന്റെ അശ്രദ്ധകൊണ്ട് ഇടത്കാൽ മുറിച്ച് മാറ്റേണ്ടി വന്ന രാജുവിന്റെ ജിവിതകഥ ആടുജീവിതത്തേക്കാൾ ഭയാനകരമാണ് .
പതിനഞ്ച് വർഷം മുമ്പാണ് പ്രവാസത്തിനായി തിരുവനന്തപുരം പൂവാർ സ്വദേശിയായ രാജു സൗദി അറേബ്യയിലേക്ക് എത്തുന്നത്.
വിവിധ സ്ഥലങ്ങളിൽ വിവിധ തൊഴിലുകൾ ചെയ്തിരുന്ന രാജു നാല് വർഷം മുമ്പാണ് അൽ ഹസയിലെ സർവ്വിസ് സ്റ്റേഷനിലേക്ക് ജോലിക്ക് എത്തുന്നത്. ജോലി ചെയ്ത് കൊണ്ടിരിക്കെ 2019 മേയ് 29 ന് ജോലി സ്ഥലത്ത് വെച്ചാണ് രാജുവിന് അപകടം സംഭവിക്കുന്നത്. വാഹനം കഴുകുവാനായി മോട്ടോർ ഓണ്‍ ചെയ്യുവാന്‍ പോയ രാജുവിന്റെ ദേഹത്തേക്ക് സ്ഥാപനത്തിലെ സഹ ജോലിക്കാരന് ആയിരുന്ന ബംഗ്ലാദേശി മുന്നോട്ട് എടുത്ത കാർ നിയന്ത്രണം വിട്ട് ഇടിക്കു കയായിരുന്നു. അപകടത്തെ തുടർന്ന് രണ്ട് മാസക്കാലത്തോളം ആശുപത്രിവാസം അപ്പോഴേക്കും ഇടത് കാൽ മുറിച്ച് മാറ്റേണ്ടി വന്നു. ആശുപത്രിയിൽ നിന്നു നേരെ താമസ സ്ഥലത്തേക്ക് എത്തിച്ചതോടെ സ്പോണ്‍സറും കൈ ഒഴിഞ്ഞു ഒരു മുറിക്കുള്ളിൽ ഒറ്റപ്പെടുകയായിരുന്നു. 2019 ആഗസ്റ്റ് മാസത്തിൽ സോഷ്യൽ ഫോറം പ്രവർത്തകനായ ജസീർ ചിറ്റാർ രാജുവിന്റെ തൊട്ടടുത്ത മുറിയിലേക്ക് താമസത്തിനായി എത്തുന്നത്. രാജുവിന്റെ ദയനീയവസ്ഥ മനസിലാക്കിയ ജസിൽ ചിറ്റാർ രാജുവിന്റെ ഭക്ഷണം ഉൾപ്പടെയുള്ള പരിചരണം ഏറ്റെടുക്കുകയും സോഷ്യൽ ഫോറവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കു ന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് സ്പോണ്സറുമായി ബന്ധപ്പെട്ടപ്പോൾ 2016 മുതൽ രാജുവിന് ഇക്കാമ പുതിക്കിയിട്ടില്ലെന്നും അതിനാൽ ഇന്‍ഷുറന്‍സ് അടക്കമുള്ള സേവനങ്ങൾ ലഭിക്കില്ലെന്നും മനസിലായി.
സോഷ്യൽ ഫോറം പ്രവർത്തകരായ മുഹനുദ്ദീന് മലപ്പുറം, ഷുക്കൂർ, ജിന്ന തമിഴ്നാട് എന്നിവർക്ക് ഒപ്പം ചേർന്ന് ലേബർ കോർട്ടിൽ പരാതി നൽകുകയും എംബസിയുമായി ബന്ധപ്പെടുകയും ചെയ്തു. രണ്ട് വർഷത്തോളം നീണ്ട് നിന്ന ഇടപെടലുകളുടെ ശ്രമഫലമായി രാജുവിന് നാട്ടിലേക്ക് പോകുവാനുള്ള പേപ്പറുകൾ ശരിയാകുകയും 16480 റിയാൽ നഷ്ട പരിഹാരം ആയി ലഭിക്കുകയും ചെയ്തു. സഹജോലിക്കാരനായ ബംഗ്ലാദേശ് സ്വദേശിയെ പ്രതിചേർത്ത് കേസ് നടത്തിയാൽ കാൽ നഷ്ടപ്പെട്ടതിന്റെ നഷ്ട പരിഹാരതുക കൂടി ലഭിക്കും എന്ന് നിയമോപദേശം ലഭിച്ചെങ്കിലും നിത്യവൃത്തിക്കാരനായ രനായ മറ്റൊരു തൊഴിലാളിയെ ബുദ്ധിമുട്ടിക്കേണ്ടതില്ല എന്ന രാജുവിന്റെ അഭിപ്രായത്തിനൊടുവിൽ കേസ് നൽകിയില്ല. 22 മാസത്തെ നീണ്ട ദുരിത ജീവിതം അവസാനിപ്പിച്ച് നിയമകുരുക്കുകൾ എല്ലാം അഴിഞ്ഞു തന്നെ പരിചരിച്ച സോഷ്യൽ ഫോറം പ്രവർത്തകർക്ക് നന്ദി അറിയിച്ച് രാജു കഴിഞ്ഞ ദിവസം ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി.