ഒരുവർഷത്തിനുള്ളിൽ യുഎഇ കോവിഡ് മുക്തമാകുമെന്ന് സർവേ

ദുബായ്: പ്രതിരോധ കുത്തിവയ്പ്പുകൾ പൂർണമാകുന്നതോടെ ഒരുവർഷത്തിനകം യുഎഇ കോവിഡ് വ്യാപന ഭീഷണിയൊഴിഞ്ഞ് സാധാരണനിലയിലാകുമെന്ന് സർവേ. യു ഗവ് ( you gov) നടത്തിയ ജി 42 ഹെൽത്ത് കെയറിന്‍റെ 15 ദിവസത്തെ ഓൺലൈൻ സർവേയിലാണ് 76 ശതമാനം ജനങ്ങളുടെയും ജീവിതം സാധാരണ ഗതിയിലാകുമെന്ന നിഗമനത്തിലെത്തിയത്.

യുഎഇയിൽ ഇതുവരെ അമ്പതുലക്ഷത്തിലേറെ വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്. ഏപ്രിലിനു മുന്നോടിയായി രാജ്യത്തെ അമ്പതുശതമാനം ജനങ്ങൾക്കും വാക്സിൻ നൽകുകയെന്നതാണ് ലക്ഷ്യമിടുന്നത്. സർവേയിൽ പങ്കെടുത്ത ഏഴു ശതമാനം പേർ വാക്സിൻ എടുക്കുന്നതിലൂടെ ഒരുമാസത്തിനുളളിൽ എല്ലാംസാധാരണനിലയിലാകുമെന്ന് വിലിയിരുത്തി. 16 ശതമാനം പേർ ഒന്നുമുതൽ മൂന്നുമാസത്തിനുള്ളിൽ സാധരണനിലയിലേക്കു മാറുമെന്ന് കണക്കുകൂട്ടുന്നു. 26 ശതമാനം പേർ ആറുമാസംവരെയും 27 ശതമാനം പേർ 12 മാസം വരെയും എടുക്കുമെന്നാണ് കണക്കാക്കുന്നത്.

പൂർണമായും പഴയപടിയാകുന്നതിന് ഒന്നുമുതൽ രണ്ടുവർഷം വരെ വേണ്ടിവരുമെന്ന് 17 ശതമാനം പേർ വിലയിരുത്തി. ഏഴുശതമാനം പേർ ഇപ്പോഴത്തെ നില ഒരിക്കലും മാറില്ലെന്നു പറയുന്നു. അബുദാബിയിൽനിന്ന് 32, ദുബായ് 30, ഷാർജ 15, മറ്റു എമിറേറ്റുകളിൽനിന്ന് 23 ശതമാനം പേരാണ് സർവേയിൽ പങ്കെടുത്തത്. ഇതിൽ 11 ശതമാനം പേർ ഇമിറാത്തികളും ബാക്കി പ്രവാസികളുമാണ്.