റിയാദ്: ഒമാന്‍ വഴി സൗദിയിലെത്തണമെങ്കില്‍ ഇനി ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധം. ഒമാനില്‍ എത്തുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയ സുപ്രീം കമ്മിറ്റി ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുകയാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശന വീസയില്‍ എത്തുന്നവര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാണ്. യാത്ര പുറപ്പെടുന്നതിന് മുന്‍പു ഹോട്ടല്‍ ബുക്കിങ് ഉറപ്പാക്കണമെന്നു വിമാന കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഏഴു രാത്രിയിലേക്കാണു ഹോട്ടല്‍ ബുക്കിങ് നടത്തേണ്ടത്. യാത്രക്കാര്‍ക്ക് രാജ്യത്തെ ഏതു ഹോട്ടലുകളിലും ക്വാറന്റീന്‍ ബുക്ക് ചെയ്യാം.
20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ നിരവധി പേരാണ് വിവിധ രാജ്യങ്ങളിലായി കുടുങ്ങിയിരിക്കുന്നത്. യു.എ.ഇയില്‍നിന്നുള്ള യാത്രക്കാര്‍ക്കും സൗദി അറേബ്യ അപ്രതീക്ഷിത വിലക്ക് പ്രഖ്യാപിച്ചതോടെ നൂറുകണക്കിന് മലയാളികളും മറ്റ് രാജ്യക്കാരും കുടുങ്ങിയിരിക്കുന്നു. ഇന്ത്യയില്‍നിന്ന് സൗദിയിലേക്ക് നേരിട്ട് യാത്രാവിലക്കുള്ളതിനാല്‍ തന്നെ യു.എ.ഇ വഴി യാത്രചെയ്യാനെത്തിയവരാണ് ഇത്തരത്തില്‍ ദുരിതത്തിലായിരിക്കുന്നത്.
ഒമാന്‍ വഴി സൗദിയിലേക്ക് പോകാമെങ്കിലും യാത്രക്കാരെ കാത്തിരിക്കുന്നത് വെല്ലുവിളികളും പണച്ചെലവുമാണ്. ഒമാന്‍ വഴി സൗദിയിലേക്ക് പോകാനായി യാത്രക്കാര്‍ ചില കടമ്പകള്‍ കടക്കേണ്ടതുണ്ട്. നിലവില്‍ ഒമാന്‍ സൗദിയുടെ ഗ്രീന്‍ പട്ടികയിലുള്ള രാജ്യമാണ് എന്നതാണ് ഏക ആശ്വാസം. ഇന്ത്യയില്‍ നിന്നും യുഎഇയില്‍ നിന്നും നേരിട്ട് സൗദിയിലെത്താന്‍ കഴിയില്ലെങ്കിലും ഒമാനിലെത്തി 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാല്‍ സൗദിയിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നതാണ്.