മാറ്റം വരുത്തിയ 20 വാഹനങ്ങൾ ദുബായ് പൊലീസ് പിടികൂടി

ദുബായ്: ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരമില്ലാതെ രൂപമാറ്റം വരുത്തിയ 20 വാഹനങ്ങൾ ദുബായ് പൊലീസ് പിടിച്ചെടുത്തു. വിവിധ കമ്പനികളുടെ കാറുകളും ബൈക്കുകളും പിടിച്ചെടുത്തവയിൽപ്പെടും.

സൈലൻസറുകളിൽ മാറ്റംവരുത്തിയ ബൈക്കുകളാണ് പിടിച്ചെടുത്തവയിൽ കൂടുതലും. പരിധിയിൽ കവിഞ്ഞ ശബ്ദമുണ്ടാക്കുന്നവയാണ് ഇത്തരം ബൈക്കുകൾ. കൂടാതെ, വാഹനങ്ങളുടെ എൻജിൻ വേഗം വർധിപ്പിക്കുന്നതിന് പവർ ബൂസ്റ്ററുകൾ മാറ്റിവച്ച വാഹനങ്ങളും പിടിച്ചെടുത്തവയിലുണ്ട്.

പൊതുസമാധാനം നഷ്ടപ്പെടുത്തുകയും മറ്റുള്ളവരുട ജീവന് ഭീഷണിയുയർത്തുകയും ചെയ്യുന്ന തരത്തിലുള്ളതാണ് മാറ്റങ്ങളെന്ന് പൊലീസ്. മാത്രമല്ല, അനുമതിയില്ലാതെ ചെയ്യുന്ന ഇത്തരം മാറ്റങ്ങൾ അന്തരീക്ഷ മലിനീകരണത്തിനും ഇടയാക്കുന്നു. വാരാന്ത്യത്തിലെ പൊലീസ് പരിശോധനയിലാണ് വാഹനങ്ങൾ പിടികൂടിയതെന്ന് ബർദുബായ് സ്റ്റേഷൻ ഡയറക്റ്റർ ബ്രിഗേഡിയർ അബ്ദുള്ള ഖാദെം അൽ സോറൂർ പറഞ്ഞു.