അഞ്ചുദിവസം കൊണ്ട് കോവിഡ് ഭേദമാക്കുന്ന ഇന്‍ഹെയ്ല്‍ ഇസ്രായേല്‍ കണ്ടുപിടിച്ചെന്ന്‌

ജറുസലേം: കൊറോണ ആശങ്കകള്‍ക്കിടെ മഹാമാരിയെ ചെറുക്കാന്‍ ഇസ്രയേലില്‍നിന്നൊരു ആശ്വാസവാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്.

അഞ്ചു ദിവസം കൊണ്ട് കോവിഡ് ഭേദമാക്കുന്ന അദ്ഭുത ഇന്‍ഹെയ്‌ലര്‍ ഇസ്രയേലിലെ നദീര്‍ അബെര്‍ എന്ന പ്രഫസര്‍ കണ്ടെത്തിയതായാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. എക്‌സോ-സിഡി 24 എന്ന മരുന്നാണ് ഇന്‍ഹെയ്‌ലര്‍ രൂപത്തില്‍ രോഗികള്‍ക്കു നല്‍കിയത്.

കോവിഡ് -19 ഉള്ള ചില രോഗികളില്‍ രോഗപ്രതിരോധ ശേഷി അമിതമായ പ്രവര്‍ത്തനത്തിലേക്ക് പോകുന്ന അവസ്ഥ തിരിച്ചറിഞ്ഞിരുന്നു.സൈറ്റോകൈനുകള്‍ എന്നറിയപ്പെടുന്ന ചെറിയ പ്രോട്ടീനുകള്‍ വലിയ അളവില്‍ ഈ പ്രക്രിയ വഴി പുറത്തുവിടുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടാകുന്നത്.അമിതമായ അളവില്‍ ഉണ്ടാകുന്ന സൈറ്റോകൈന്‍ ഉത്പാദനത്തെ സൈറ്റോകൈന്‍ സ്റ്റോം എന്ന് പറയുന്നു.ഇത് രോഗിയില്‍ കോശജ്വലനത്തിനോ അണുബാധയ്ക്കോ കാരണമാകുകയും ക്രമേണ മരണത്തിലേക്കും നയിക്കുകയും ചെയ്യുന്നതായാണ് വിലയിരുത്തപ്പെട്ടത്.

കോവിഡ് മൂലമുള്ള മരണത്തിന് ഇടയാക്കുന്ന ഇത്തരം സൈറ്റോകൈന്‍ കൊടുങ്കാറ്റിനെ (Cytokine Storm) ചെറുക്കുകയാണ് എക്‌സോ-സിഡി24 എന്ന ഈ മരുന്ന് ഇന്‍ഹെയ്ല്‍ ചെയ്യുന്നതിലൂടെ സംഭവിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്‍ഹെയ്‌ലറിന്റെ ഫലപ്രാപ്തി 96 ശതമാനമാണ്. ടെല്‍ അവീവിലെ സൗരാസ്‌കി മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന 30 രോഗികളില്‍ 29 പേരും ഇന്‍ഹെയ്‌ലര്‍ ഉപയോഗത്തോടെ അതിവേഗം രോഗമുക്തി നേടിയെന്ന് അധികൃതര്‍ പറഞ്ഞു.

മൂന്നു മുതല്‍ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ രോഗികള്‍ ആശുപത്രി വിട്ടു. ഒരു തവണ മാത്രമാണ് ഇവരില്‍ പലരും മരുന്ന് ഉപയോഗിച്ചത്.കോശങ്ങളുടെ പുറത്തുള്ള സിഡി24 എന്ന പ്രോട്ടീന്‍ തന്മാത്രയ്ക്ക് ശരീരത്തിന്റെ പ്രതിരോധശേഷിയെ നിയന്ത്രിക്കുന്നതില്‍ സുപ്രധാന റോളാണുള്ളത്.

കോശസ്തരത്തില്‍നിന്നു പുറത്തുവിടുന്ന എക്‌സോസോമുകളും സിഡി24 പ്രോട്ടീനും സമ്ബുഷ്ടമാക്കിയിട്ടുള്ള ചികിത്സാരീതിയാണ് ഉപയോഗിക്കുന്നതെന്ന് പ്രാഫ. നദീര്‍ അബെര്‍ പറഞ്ഞു.

കഴിഞ്ഞ ആറു വര്‍ഷമായി കാന്‍സര്‍ ചികിത്സയ്ക്ക് എക്‌സോ-സിഡി24 ചികിത്സ വികസിപ്പിക്കുന്നതിന്റെ ഗവേഷണത്തിലായിരുന്നു നദീര്‍ ആബെര്‍.കഴിഞ്ഞ ആറു മാസത്തിനുള്ളിലാണ് ഇതേ ചികിത്സാരീതി കോവിഡിനെതിരെ ഉപയോഗിക്കാനുള്ള പരീക്ഷണങ്ങള്‍ നടന്നത്. ദിവസവും കുറച്ചു സമയം വച്ച്‌ അഞ്ചു ദിവസമാണ് മരുന്ന് ഉള്ളിലേക്കു വലിപ്പിക്കുന്നത്.

ശ്വാസകോശത്തിലേക്കു നേരിട്ട് മരുന്ന് സംയുക്തം എത്തും. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഈ ചികിത്സാരീതിക്കില്ലെന്നും ചെലവുകുറഞ്ഞ ഫലപ്രദമായ ചികിത്സയാണിതെന്നും നദീര്‍ ആബെര്‍ പറഞ്ഞു.