സൗദിയിൽ നിർണായക നിയമപരിഷ്കാരം

ജിദ്ദ: നീതിന്യായ സംവിധാനം കുറ്റമറ്റതാക്കാൻ നിർണായക നിയമപരിഷ്കാരങ്ങളുമായി സൗദി അറേബ്യ. പൊരുത്തക്കേടുകൾ ഒഴിവാക്കി വിധിന്യായങ്ങൾ വേഗത്തിലാക്കാൻ ഉദ്ദേശിച്ചുള്ള പരിഷ്കാരത്തിന്‍റെ മർമപ്രധാനമായുള്ള നാലു നിയമങ്ങളുടെ കരട് പുറത്തിറക്കി. വ്യക്തിഗത നിയമം, സ്വത്തുകൈമാറ്റം, വിവേചനാധികാര ഉപരോധവുമായി ബന്ധപ്പെട്ട ശിക്ഷാനിയമം, തെളിവു നിയമം എന്നിവയാണ് അവ.

നിയമനടപടികൾ വൈകുന്നത് ഒഴിവാക്കി സത്വര നീതിനിർവ്വഹണത്തിന് പുതിയ നിയമങ്ങൾ സഹായകമാകുമെന്നാണ് കരുതുന്നത്. തെറ്റുകൾ കുറച്ച് കോടതികളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും പുതിയ മാറ്റങ്ങൾ കൊണ്ടാകുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൽ പറഞ്ഞു.

കോടതി ഉത്തരവുകളിലെ പൊരുത്തക്കേടുകൾ വ്യക്തതക്കുറവിനിടയാക്കുകയും നിരവധിപേർക്ക്, പ്രത്യേകിച്ചും സ്ത്രീകൾക്ക് വലിയ പ്രയാസങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. മതിയായ നിയമനിർമാണമില്ലാത്തതാണ് തീരുമാനങ്ങളിലെ പൊരുത്തക്കേടുകൾക്ക് ഇടവയ്ക്കുന്നതെന്നും മുഹമ്മദ് ബിൻ സൽമാൻ. വ്യവഹാരങ്ങൾ നീണ്ടുപോകുന്നതിന് കാരണം കൃത്യതയുള്ള നിയമങ്ങളില്ലാത്തതാണ്. കൂടാതെ, സ്വകാര്യ, ബിസിനസ് മേഖലകളിൽ വ്യക്തമായ നിയമത്തിന്‍റെ ചട്ടക്കൂടില്ലാതെ പോകുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പലരും ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞു മാറുന്നതിനും ഇത് ഇടയാക്കുന്നു. മേലിൽ ഇത്തരം കാര്യങ്ങൾ ഉണ്ടാകുന്നതല്ല- മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

മുൻപ് ഉണ്ടായിരുന്ന നിയമങ്ങൾ സമൂഹത്തിന്‍റെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റാൻ ഉതകുന്നതായിരുന്നില്ല. പുതിയ നിയമങ്ങളുടെ കരട് ഷൂറ കൗൺസിലിന് സമർപ്പിക്കുന്നതിനു മുൻപ് മന്ത്രിസഭയുടെ റിവ്യൂവിന് നൽകും. ഈ വർഷം തന്നെ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടു വരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൽമാൻ.