റിയാദ്: മൂന്നു ദിവസം നീണ്ട സാങ്കേതിക തടസങ്ങൾ പരിഹരിച്ച് തവ്ക്കൽന ആപ്പ് പൂർവാധികം മെച്ചപ്പെട്ട നിലയിൽ പ്രവർത്തിച്ചു തുടങ്ങിയതായി സൗദി അധികൃതർ. ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകളിലോ കടകളിലോ മാളുകളിലോ പോകുന്നവർക്ക് അവരുടെ ആരോഗ്യനിലയെക്കുറിച്ചുളള വിവരങ്ങൾ കാണിക്കുവാൻ ആപ്പ് ഉപയോഗിക്കാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. അതേസമയം, കോവിഡ് പരിശോധനയ്ക്കുള്ള ബുക്കിങ്, ഡിജിറ്റൽ തിരിച്ചറിയൽ രേഖ, ഡാഷ്ബോർഡ് തുടങ്ങിയ കൂടുതൽ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള പണികൾ പുരോഗമിക്കുകയാണ്.
കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ച ഔദ്യോഗിക ആപ്പാണ് തവക്കൽന. ഉന്നത സാങ്കേതിക സംഘത്തിന്റെ മേൽനോട്ടത്തിൽ നിർമിച്ച തവക്കൽന പ്രവർത്തനം തുടങ്ങിയ 2020 മേയ് മുതൽ ഇതുവരെ കാര്യമായ സാങ്കേതിക തടസങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നും ആപ്പ് സർവീദ് ദാതാക്കൾ അറിയിച്ചു. ഏറ്റവും തിരക്കേറിയ സമയത്തുപോലും ഒരുകോടിക്കടുത്ത് ആളുകൾക്ക് സേവനം നൽകാൻ ആപ്പിന് കഴിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ മൂന്നുദിവസത്തിനിടെ രജിസ്റ്റേഡ് ഉപയോക്താക്കളുടെ എണ്ണം ഒന്നേകാൽ കോടിയിലേക്ക് ഉയർന്നതും ശ്രദ്ധേയമായി.
കഴിഞ്ഞദിവസങ്ങളിൽ 25 കോടി തവണയാണ് ആപ്പിൽ രജിസ്ട്രേഷനുള്ള ശ്രമം നടന്നത്. ഇതേത്തുടർന്ന് ഓവർ ലോഡ് പ്രശ്നമുണ്ടായെങ്കിലും ഉടൻ ബദൽ മാർഗങ്ങളുണ്ടാക്കാനായി. ഉപയോക്താക്കളുടെ ആരോഗ്യവിവരങ്ങൾ ടെക്സ്റ്റ് മെസേജായി അയച്ചു നൽകി. പ്രശ്നങ്ങൾ മനസിലാക്കി പ്രതികരിച്ച ഉപയോക്താക്കാൾക്ക് ആപ്പ് മാനെജ്മെന്റ് നന്ദി അറിയിച്ചു.