മക്ക: തണുപ്പ് കുറയുന്നതിന്റെ സൂചന നല്കി സൗദിയില്‍ ചിലയിടങ്ങളില്‍ മഴ. ജിദ്ദ, മക്ക, തബൂക്ക്, അല്‍ഉല, ഹാഇല്‍, അറാര്‍, തുറൈഫ്, അല്‍ജൗഫ് തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്തത്. വ്യാഴാഴ്ച മുതലേ ചിലയിടങ്ങളില്‍ മഴ തുടങ്ങി. ജിദ്ദയില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നു. ഇടക്കിടെ ചാറ്റല്‍ മഴയുണ്ടായിരുെന്നങ്കിലും ഉച്ചക്കുശേഷമാണ് മഴ കനത്തത്. അതേസമയം ഹായില്‍, ഖസിം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, ജസാന്‍, അല്‍-ജൗഫ് എന്നിവിടങ്ങളില്‍ ഇടിമിന്നലും മഴയും പൊടിക്കാറ്റുമുണ്ടാകാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ വകുപ്പ് അറിയിച്ചു.
മക്കയുടെ വിവിധ ഭാഗങ്ങളിലും മഴയുണ്ടായി. വെള്ളിയാഴ്ച രാത്രി 10 വരെ മക്ക മേഖലയുടെ വിവിധ ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തബൂക്ക് പട്ടണത്തിലും ഉള്‍പ്രദേശങ്ങളിലും നല്ല മഴ ലഭിച്ചു. വ്യാഴാഴ്ചയാണ് മേഖലയുടെ വിവിധ ഭാഗങ്ങളില്‍ മഴയുണ്ടായത്. താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ടുകളുണ്ടായി. തബൂക്ക് പട്ടണത്തിന് തെക്ക് വാഹനത്തിനുള്ളില്‍ കുടുങ്ങിയ നാലു സ്വദേശികളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. കിങ് ഫൈസല്‍ എയര്‍ബേസുമായി സഹകരിച്ച് ഹെലികോപ്ടറിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കാലാവസ്ഥ അറിയിപ്പിനെ തുടര്‍ന്ന് മുനിസിപ്പാലിറ്റിയും സിവില്‍ ഡിഫന്‍സും ആവശ്യമായ മുന്‍കരുതലെടുത്തിരുന്നു. കെട്ടിനിന്ന വെള്ളം നീക്കംചെയ്യാന്‍ തൊഴിലാളികളെ നിയോഗിക്കുകയും വേണ്ട ഉപകരണങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. അല്‍ഉല മേഖലയിലും വ്യാഴാഴ്ച നല്ല മഴയുണ്ടായി. മഴയെ തുടര്‍ന്ന് ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ അല്‍ഉല മദീന റോഡ് റോഡ് സുരക്ഷ വിഭാഗം അടച്ചു. മുന്‍കരുതലെന്നോണം തബൂക്ക്, ദുബാഅ് റോഡും ട്രാഫിക് വിഭാഗം അടച്ചിരുന്നു. തുറൈഫ്, അല്‍ജൗഫ്, അറാര്‍, ഹാഇല്‍ എന്നിവിടങ്ങളിലും സാമാന്യം നല്ല മഴയുണ്ടായതായാണ് വിവരം.