ജിദ്ദയിൽ മരിച്ച രാജസ്ഥാൻ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ജിദ്ദ: ജിദ്ദയിൽ സൗദി ബിൻ ലാദിൻ കമ്പനിയിൽ ജോലി ചെയ്തു വരുന്നതിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട രാജസ്ഥാൻ സ്വദേശി ഗഫൂർ ഖാൻ (53)ന്റെ മൃതദേഹം സ്വദേശത്തേക്കു കൊണ്ട് പോയി. 30 വർഷത്തോളമായി  ബിൻ ലാദിൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഗഫൂർ ഖാൻ ജനുവരി 25 നാണ് ഹൃയയാഘാതം മൂലം കിംഗ് ഫഹദ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. രാജസ്ഥാനിലെ ചുരു ജില്ലയിൽ റാണാസാർ സ്വദേശി സൈദുൽ ഖാന്റെയും ജൈത്തൂൻ ബാനുവിന്റെയും മകനാണ്. ഭാര്യ നജ്മ ബാനു.

ഒന്നര വർഷം മുമ്പാണ് അവധിക്കു നാട്ടിൽ പോയി തിരികെ ജോലിയിൽ പ്രവേശിച്ചത്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയിൽ നാട്ടിലേക്കു പോകുന്നത് വൈകുകയായിരുന്നു. കഴിഞ്ഞ ജൂലായിൽ കാലിന് ബാധിച്ച ഗുരുതരമായ രോഗത്തെത്തുടർന്ന് സുലൈമാൻ ഫഖീ ഹോസ്പിറ്റലിൽ വെച്ച് ശസ്ത്രക്രിയ നടത്തി സുഖപ്പെട്ടു വന്നിരുന്നു. പിന്നീട് കാര്യമായ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ കഴിഞ്ഞിരുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിന്നായി കമ്പനി അധികൃതകർ ബന്ധപ്പെട്ടതിനാൽ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വളണ്ടിയർ നൗഷാദ് മമ്പാടിൻറെ  നേതൃത്വത്തിൽ രേഖകൾ സംബന്ധമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. മൃതദേഹം വ്യാഴാഴ്ച ജിദ്ദയിൽ നിന്നും അബുദാബി വഴി ഇത്തിഹാദ് വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ട് പോയി. ജിദ്ദയിൽ നിന്ന് ബന്ധുവായ മാജിദ് ഖാനും മൃതദേഹത്തോടൊപ്പം നാട്ടിലേക്കു പോയിരുന്നു. ഡൽഹി വിമാനത്താവളത്തിൽ എസ്.ഡി.പി.ഐ. ഡൽഹി ഘടകം ഭാരവാഹികളായ ഫർമാൻ, സാഹിദ്, അയ്നുൽ ഹഖ് എന്നിവർ ബന്ധു മാജിദ് ഖാനോടൊപ്പം  മൃതദേഹം ഏറ്റു വാങ്ങി ജന്മനാടായ റാണാസാറിലേക്കു കൊണ്ട് പോയി.