റിയാദ്: റിയാദ് മെട്രൊ ട്രെയ്ൻ സർവിസ് സെപ്റ്റംബറിൽ ഭാഗികമായി തുടങ്ങും. സൗദി അറേബ്യയുടെ തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന റെയ്ൽ കിങ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയിലാണ് നടപ്പാക്കുന്നത്. ട്രെയ്ൻ സർവിസ് തുടങ്ങുന്ന കാര്യം റിയാദ് റോയൽ കമ്മിഷനാണ് പുറത്തുവിട്ടത്.
2020ൽ ഭാഗികമായി സർവിസ് ആരംഭിക്കേണ്ടിയുരന്ന സർവിസ് കോവിഡ് വ്യാപനത്തെത്തുടർന്ന് നീട്ടുകയായിരുന്നു. നിർമാണം പൂർത്തിയാക്കിയ ട്രാക്കുകളിൽ ഇപ്പോൾ ട്രയൽ റൺ നടത്തിവരുന്നുണ്ട്. റിയാദ് നഗരത്തെ പൂർണമായും ബന്ധപ്പെടുത്തുന്ന ട്രെയ്ൻ നെറ്റ്വർക്കാണ് റോയൽ കമ്മിഷന്റെ കീഴിൽ ഒരുങ്ങുന്നത്. കോവിഡ് സാഹചര്യത്തിൽ ഇഴഞ്ഞുനീങ്ങുകയായിരുന്ന പ്രവർത്തനം പൂർവഗതിയിലായി.
176 കിലോമീറ്റർ ദൈര്‍ഘ്യമുള്ള റെയ്ൽ പാത ലോകത്തെ ഏറ്റവും നീളം കൂടിയ മെട്രൊ ലൈനുകളിൽപ്പെടുന്നതാണ്. ഇതിൽതന്നെ 36 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ്. ഏറ്റവും നൂതന സാങ്കതികവിദ്യ ഉപയോഗിച്ചാണ് തുരങ്കങ്ങൾ നിർമിച്ചിട്ടുള്ളത്.
മെട്രൊ റെയ്ൽ ശൃംഖലയിൽ ആറു ലൈനുകളാണുള്ളത്. 80 സ്റ്റേഷനുകൾ. രണ്ടോ നാലോ ബോഗികളാകും ഒരു ട്രെയ്നില്‍. സ്റ്റേഷനുകളെ ട്രെയ്ൻ പോകാത്ത സ്ഥലങ്ങളുമായി ബന്ധിപ്പിക്കാൻ റാപ്പിഡ് ബസ് സർവിസുമുണ്ടാകും. ബസിലും ട്രെയ്നിലും ഒരേ കാർഡ് ഉപയോഗിക്കാം. ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക നഗരങ്ങളിലൊന്നായി റിയാദിനെ മാറ്റുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഭാവിയിൽ റിയാദിൽ ഒന്നരക്കോടിയിലേറെ ജനങ്ങളുണ്ടാകുമെന്ന് കണക്കുകൂട്ടിയുള്ള പദ്ധതികളാണ് വരുന്നത്. റിയാദിലെ കിങ് സൽമാൻ പാർക്ക്, ഖിദ്ദിയ്യ വിനോദ നഗരം തുടങ്ങിയവയുമായും മെട്രൊയെ ബന്ധിപ്പിക്കും. ജനസംഖ്യ വർധനക്കനുസരിച്ച് മെട്രൊ പാതയും വികസിപ്പിക്കാനാണ് റോയൽ കമ്മിഷൻ ലക്ഷ്യമിടുന്നത്.