സോഷ്യൽ ഫോറം മക്ക ബ്ലോക്ക് റിപ്പബ്ലിക് ദിനസംഗമം സംഘടിപ്പിച്ചു

മക്ക: ഇന്ത്യയുടെ 72ആമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി  ഇന്ത്യൻ സോഷ്യൽ ഫോറം മക്ക ബ്ലോക്ക് കമ്മിറ്റി  സംഗമം സംഘടിപ്പിച്ചു. സാദത്തലി മോങ്ങം  റിപ്പബ്ലിക് ദിന സംഗമം ഉദ്ഘാടനം ചെയ്തു.

ബ്രിട്ടീഷ് സൈനിക ഭരണകൂടത്തോട് സന്ധിയില്ലാ സമരം ചെയ്ത് സ്വാതന്ത്ര്യം നേടിയ ഇന്ത്യ 1950 ജനുവരി 26ന് റിപ്പബ്ലിക്കായി. ഇന്ത്യൻ ഭരണഘടന നിലവിൽവന്ന് 71 വർഷം പിന്നിടുമ്പോഴും ഭരണഘടന  ചെയ്തിട്ടുള്ള മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ തെരുവിൽ സമരം ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ജനതക്ക്  അന്നം തരുന്ന കർഷകരെ ദ്രോഹിക്കുന്ന ബില്ലുകൾ പാസാക്കി  കോർപ്പറേറ്റുകളെ പനപോലെ വളർത്തുന്ന കർഷക വിരുദ്ധ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരെ ക്രൂരമായി തെരുവിൽ നേരിട്ട സർക്കാർ നടപടി മനുഷ്യത്വ രഹിതവും പ്രതിഷേധാർഹവുമാണ്. ഭയമില്ലാത്ത ഒരു ജനതയുടെ മുന്നേറ്റം കണ്ട കേന്ദ്രസർക്കാർ ജനദ്രോഹപരമായ ബില്ല് പിൻവലിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ വഴിയേ തന്നെ ന്യൂനപക്ഷ വിരുദ്ധ നടപടികൾ നടപ്പാക്കുകയാണ് കേരളത്തിലെ ഇടതു ഭരണമെന്ന് സംഗമം  വിലയിരുത്തി. സോഷ്യൽ ഫോറം മക്ക ബ്ലോക്ക് പ്രസിഡന്റ്‌ അബ്ദുള്ള കോയ അധ്യക്ഷത വഹിച്ചു. മഹബൂബ് കടലുണ്ടി, ശരീഫ് ചങ്ങനാശ്ശേരി എന്നിവർ  സംബന്ധിച്ചു.