സുരക്ഷിത നഗരം: അഞ്ചാംതവണയും അബുദാബി

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അഞ്ചാംതവണയും അബുദാബി മുന്നിൽ. ഡാറ്റാ ക്രൗഡ് സോഴ്‌സിങ് വെബ്‌സൈറ്റായ നാംബിയോ പുറത്തിറക്കിയ പട്ടികയിലാണ് ഇത്തവണയും അബുദാബി മികവ് പുലർത്തുന്നത്. നഗരത്തിലെ സുരക്ഷാനിരക്ക് 88.46 ശതമാനമാണ്. ലോകത്തിന്‍റെ പല ഭാഗങ്ങളിലെ 431 നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഈ പഠനവും താരതമ്യവും നടത്തിയത്.

യുഎഇ ഭരണനേതൃത്വത്തിന് കീഴിൽ നടപ്പാക്കുന്ന നവീന ആശയങ്ങളും നിരന്തര ശ്രമങ്ങളുമാണ് ഈ ഒരു നേട്ടത്തിൽ അബുദാബിയെ നിലനിർത്തുന്നതെന്ന് പൊലീസ് ചീഫ് കമാൻഡർ മേജർ ജനറൽ പൈലറ്റ് ഫാരിസ് ഖലാഫ് അൽ മസ്‌റോയി പറഞ്ഞു.

ജീവിക്കാനും നിക്ഷേപം നടത്താനും ജോലിചെയ്യാനും സന്ദർശിക്കാനും നഗരം നൽകുന്ന സുരക്ഷിതത്വമാണ് വിലയിരുത്തപ്പെട്ടത്. ഏറ്റവുംകുറഞ്ഞ കുറ്റകൃത്യനിരക്കുള്ള നഗരമാണ് അബുദാബി. 11.54 ശതമാനം മാത്രമാണത്. പൊതുജനങ്ങളുടെ സുരക്ഷിതത്വബോധം ശക്തിപ്പെടുത്തുന്നതിനും സമൂഹവുമായി ബന്ധവും വിശ്വാസവും വളർത്തിയെടുക്കുന്നതിനും മികച്ച പ്രവർത്തനമാണ് അബുദാബി പോലീസ് നടത്തിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.