ദുബായ്: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ഏതാനും ആഴ്ചകൾക്കുള്ളിൽ തുടങ്ങുമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. തദ്ദേശ വാക്സിൻ ലഭ്യമാകുന്നതുവരെ വിദേശത്തുനിന്നുള്ള വാക്സിൻ ഉപയോഗിക്കേണ്ടി വരുമെന്നും ടിവി ചാനലിലൂടെ അദ്ദേഹം അറിയിച്ചു. അതേസമയം, ഏതുരാജ്യത്തുനിന്നുള്ള പ്രതിരോധ മരുന്നായിരിക്കും ഇറാൻ ഉപയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
യുഎസിൽനിന്നോ ബ്രിട്ടനിൽനിന്നോ കോവിഡ് പ്രതിരോധ വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനെ ഇറാന്റെ പരമോന്നത ആത്മീയ നേതാവായ ആയത്തുല്ല ഖമനേയി ഏതാനും ആഴ്ചകൾക്കു മുൻപ് വിലക്കിയിരുന്നു. ഈ രാജ്യങ്ങൾ മറ്റിടങ്ങളിലേക്ക് രോഗങ്ങൾ പടർത്താൻ ശ്രമിച്ചേക്കുമെന്നതിനാലാണ് മരുന്നിന് വിലക്കേർപ്പെടുത്തിയത്. ഖമനേയിയുടെ പ്രസ്താവനയോട് യോജിച്ചുകൊണ്ട് സുരക്ഷിതമായ വിദേശ വാക്സിനുകൾ സ്വീകരിക്കുമെന്നാണ് റൂഹാനി ഇന്നലെ പറഞ്ഞത്.
കഴിഞ്ഞമാസം അവസാനം ഇറാൻ തദ്ദേശമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചിരുന്നു. യുഎസ് ഉപരോധത്തെത്തുടർന്ന് വിദേശ വാക്സിനുകൾ ലഭിക്കാതിരുന്നാൽ പ്രയോജനപ്പെടുത്താമെന്ന ഉദ്ദേശ്യത്തിലായിരുന്നു ഇത്. തദ്ദേശീയവും വിദേശത്തുനിന്നുള്ളതുമായ വാക്സിനുകൾ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുമെന്ന് അറിയിച്ച റൂഹാനി, മൂന്നു വാക്സിനുകൾ ഇറാൻ ഉടൻ പുറത്തിറക്കുമെന്നും വ്യക്തമാക്കി.
ഇതിനിടെ, തങ്ങളുടെ ഏറ്റവും നൂതനമായ കോവിഡ് പ്രതിരോധ വാക്സിൻ നിർമിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഇറാന് കൈമാറുന്നതിനായി സമ്മതപത്രം ഒപ്പുവച്ചെന്ന് ക്യൂബ നേരത്തേ അറിയിച്ചിരുന്നു. ഇറാനും ക്യൂബയും യുഎസിന്റെ കടുത്ത ഉപരോധങ്ങൾ നേരിടുന്നുണ്ടെങ്കിലും മരുന്നു മേഖലയിൽ ഇവർക്ക് ഏതാനും ഇളവുകൾ നൽകിയിരുന്നു.