പുതിയ കെവൈസി നിയമം പ്രവാസികൾക്ക് തിരിച്ചടി

Know your customer phrase on the plate.

കൊച്ചി: രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് പ്രവാസികൾ അടക്കമുള്ള എല്ലാവരും തങ്ങളുടെ സ്ഥിരം മേൽവിലാസം തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖകൾ സമർപ്പിക്കണമെന്ന കേന്ദ്ര സർക്കരിന്‍റ തീരുമാനം വിദേശമലയാളികൾക്ക് തലവേദനയാകുന്നു. ഇന്ത്യൻ ഓഹരികളിലും കടപ്പത്രങ്ങളിലും മ്യൂച്വൽ ഫണ്ടുകളിലും ഡെപ്പോസിറ്റ് സ്കീമുകളിലുമടക്കം നിക്ഷേപം നടത്തുന്നതിന് പുതിയ കെവൈസി സംവിധാനം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നാണ് പ്രവാസികളുടെ പരാതി. പഴയ സംവിധാനം തിരിച്ചുകൊണ്ടുവരണമെന്നും ആവശ്യം ഉയരുന്നുണ്ട്.

കള്ളപ്പണവും ബിനാമി ഇടപാടുകളും തടയുന്നതിനും അതുവഴി കണക്കിൽപ്പെടാത്ത പണത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനുമാണ് പുതിയ മാറ്റങ്ങളെന്നാണ് കേന്ദ്ര സർക്കാർ പറ‍യുന്നത്. പഴയ സംവിധാനം അനുസരിച്ച് ഓഹരി വ്യാപാരത്തിനും അലോട്ട്മെന്‍റിനും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനുമെല്ലാം ബാങ്ക് സ്റ്റേറ്റ്മെന്‍റ്, പാസ്പോർട്ട് കോപ്പി, പാൻ കാർഡ് കോപ്പി എന്നിവ ഐഡി പ്രൂഫായി സ്വീകരിച്ചിരുന്നു. എന്നാൽ, പുതിയ നിബന്ധന അനുസരിച്ച് ആധാർ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി., നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ ലെറ്റർ, പുതിയ ടെലിഫോൺ ബിൽ, ഇലക്ട്രിസിറ്റി ബിൽ, ഗ്യാസ് ബിൽ തുടങ്ങിയവ മാത്രമാണ് മേൽവിലാസം തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖകളായി കണക്കാക്കുന്നത്. മാത്രമല്ല, ആതിഥേയ രാജ്യങ്ങളിൽ നിന്നുള്ള ടെലിഫോൺ, വൈദ്യുതി, ഗ്യാസ് ബില്ലുകളോ ബാങ്ക് സ്റ്റേറ്റ്മെന്റുകളോ മാത്രമേ നിക്ഷേപകർക്ക് സമർപ്പിക്കാനും കഴിയുകയുള്ളു.

മിക്ക പ്രവാസികളും കമ്പനികൾ നൽകുന്ന ഇടങ്ങളിലോ ഷെയേർഡ് റൂമുകളിലോ ആണ് വിദേശത്ത് താമസിക്കുന്നത്. ഇത്തരം ഇടങ്ങളിൽ താമസിക്കുന്നവർക്ക് തങ്ങളുടെ പേരിലുള്ള ബില്ലുകൾ സംഘടിപ്പിക്കുക ബുദ്ധിമുട്ടാണ്. മേൽവിലാസം തെളിയിക്കുന്നതിനുള്ള മതിയായ രേഖകൾ ഇല്ലാത്തതിനാൽ അപേക്ഷകൾ തള്ളുന്നതായി നിക്ഷേപകർ പറയുന്നു.