വീട്ടുജോലിക്കുള്ള റിക്രൂട്ട്മെന്‍റ് മാർച്ച് മുതൽ തദ്ബീർ വഴി

അബുദാബി: യുഎഇയിൽ ഗാർഹികത്തൊഴിലാളികളുടെ റിക്രൂട്ടിങ് ഇനി തദ്ബീർ മുഖേന. ബേബി സിറ്റർ, വീട്ടുജോലിക്കാർ തുടങ്ങിയവരുടെ നിയമന നടപടികളെല്ലാം മാർച്ച് മുതൽ സർക്കാർ ഏജൻസിയായ തദ്ബിർ വഴിയായിരിക്കും. റിക്രൂട്ടിങ്ങിനു പുറമേ തൊഴിൽ പരിശീലനവും തദ്ബീർ നൽകും. ഗാർഹിക ജോലിക്കാരുടെ റിക്രൂട്ടിങ് സുതാര്യവും കർശനവുമാക്കുന്നതിന്‍റെ ഭാഗമായി ലൈസൻസ് കാലാവധി കഴിഞ്ഞ 250 സ്വകാര്യ റിക്രൂട്ടിങ് സ്ഥാപനങ്ങൾ അടച്ചുപൂട്ടി.

റിക്രൂട്ടിങ് മേഖലയിലെ 99 സ്വകാര്യസ്ഥാപനങ്ങൾ പൂട്ടാൻ അറിയിപ്പ് നൽകിയിട്ടുണ്ട്. ബാക്കിയുള്ള പത്തു സ്ഥാപനങ്ങളുടെ ലൈസൻസ് മാർച്ചോടെ മരവിപ്പിക്കും. യുഎഇയിൽ ആകെ 54 തദ്ബീർ ഓഫിസുകൾ തുറന്നിട്ടുണ്ട്. 2017 മുതൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നത് നിർത്തിവച്ചിരുന്നു.

തദ്ബീർ വഴി ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുകൊണ്ട് ഈ മേഖലയിലെ തട്ടിപ്പ് വലിയ തോതിൽ കുറയ്ക്കാനായതായി അധികൃതർ. പത്തു രാജ്യങ്ങളുമായി റിക്രൂട്ടിങ് കരാർ ഒപ്പുവച്ചെന്നും കൂടുതൽ രാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.