പാസ്പോർട്ട് നഷ്ടപ്പെട്ട മലയാളി രണ്ടരദിവസം റിയാദ് എയർപോർട്ടിൽ കുടുങ്ങി

റിയാദ്: പാസ്പോർട്ട് കാണാതായതിനെത്തുടർന്ന് റിയാദ് വിമാനത്താവളത്തിൽ രണ്ടരദിവസം കുടുങ്ങിയ മലപ്പുറം സ്വദേശിക്ക് സാമൂഹിക പ്രവർത്തകന്‍റെ ഇടപെടലിനെത്തുടർന്നു മോചനം. ദമ്മാമിൽനിന്ന് അവധിക്കു നാട്ടിലേക്കു പോകൻ പുറപ്പെട്ട ഇദ്ദേഹം കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങുകയായിരുന്നു.

വ്യാഴാഴ്ച ദമ്മാമിൽനിന്ന് വിമാനത്തിൽ റിയാദിലെത്തിയശേഷം ബോർഡിങ്, എമിഗ്രേഷൻ പരിശോധനകൾ കഴിഞ്ഞ് അന്താരാഷ്ട്ര ടെർമിനലിൽ വിമാനത്തിനായി കാത്തിരിക്കുമ്പോഴാണ് പാസ്പോർട്ട് നഷ്ടമായ വിവരം അറിയുന്നത്. ടൊയ്‌ലെറ്റിൽ പോകാനായി ലാപ്ടോപിന്‍റെ ബാഗിൽ പാസ്പോർട്ട് വയ്ക്കുകയായിരുന്നുവെന്നാണ് ഇദ്ദേഹം പറഞ്ഞത്. എന്നാൽ മറ്റാരുടെയെങ്കിലും ബാഗിൽ മാറിവച്ചിരിക്കാമെന്ന് എയർപോർട്ട് ജീവനക്കാർ അറിയിച്ചു. തുടർന്ന്, മറ്റു യാത്രക്കാരോട് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

ബോർഡിങ് ലഭിച്ചെങ്കിലും പാസ്പോർട്ടില്ലാത്തതിനാൽ വിമാനത്തിൽ കയറാനായില്ല. തുടർന്ന് വിമാനത്താവളത്തിൽ കുടങ്ങി. വിവരമറിഞ്ഞ കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ധിഖ് തൂവൂർ ഇടപെടുകയായിരുന്നു. ഇന്ത്യൻ എംബസിയിലെത്തി നേരിട്ട് വിഷയം ബോധിപ്പിച്ചു. തുടർന്ന് ഉദ്യോഗസ്ഥനെ വിമാനത്താവളത്തിലെത്തിക്കുകയും രണ്ടര ദിവസത്തിനു ശേഷം ശനിയാഴ്ച രാത്രിയോടുകൂടി യാത്രക്കാരനെ മോചിപ്പിക്കുകയുമായിരുന്നു.

പാസ്പോർട്ട് നഷ്ടപ്പെട്ട വിഷയത്തിൽ വിമാനത്താവളം അധികൃതർ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.