ജിദ്ദ: ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണിൽ വിളിച്ചുളള സാമ്പത്തിക തട്ടിപ്പ് വർധിക്കുന്ന പശ്ചാത്തലത്തിൽ സൗദി സെൻട്രൽ ബാങ്ക് (എസ്എഎംഎ) ഇടപാടുകാർക്ക് മുന്നറിയിപ്പ് നൽകി. സാമ്പത്തിക തട്ടിപ്പിന് ഇരയാകാതിരിക്കാൻ സൗദി പൗരന്മാരും പ്രവാസികളും ശ്രദ്ധിക്കണമെന്ന് ബാങ്ക്. ഫോണിൽ വിളിച്ച് ബാങ്ക് വിവരങ്ങൾ ഉടൻ പുതുക്കേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് തട്ടിപ്പുകാർ വിവരങ്ങൾ ചോർത്തുക. അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചശേഷം ദുരുപയോഗപ്പെടുത്തി കാശ് തട്ടുന്നു.
ഉർദുവിലും അറബിയിലും ഇംഗ്ലീഷിലുമായാണ് തട്ടിപ്പുകാർ സംസാരിക്കുക. ബാങ്കിന്റെ ആസ്ഥാനത്തുനിന്ന് മുതിർന്ന ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തിയാണ് തുടക്കം. അക്കൗണ്ടോ എടിഎം കാർഡോ ഉടൻ പുതുക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടും. ഇല്ലെങ്കിൽ കാർഡ് ബ്ലോക്കാകും എന്നും അറിയിക്കും. തുടർന്ന് ഇഖാമ നമ്പറും എടിഎം നമ്പറും ചോദിക്കുന്നു. വലയിൽപ്പെട്ടുപോകുന്നവർ എടിഎം കാർഡ് ബ്ലോക്കാകുമെന്നു കരുതി നമ്പറുകൾ നൽകുന്നു.
യാതൊരു കാരണവശാലും ഇത്തരക്കാർക്ക് വ്യക്തിഗതമോ സാമ്പത്തികമോ സുരക്ഷാസംബന്ധമായതോ ആയ വിവരങ്ങൾ നൽകരുതെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ മുഹമ്മദ് ഖുറം ഖാൻ പറഞ്ഞു.