അബുദാബി: യുഎഇയിൽ കോവിഡ് പ്രതിരോധ വാക്സിൻ എടുത്തവർക്ക് ക്വാറന്റീൻ ഇളവുകൾ ലഭിക്കണമെങ്കിൽ ആഴ്ച തോറും പിസിആർ പരിശോധന നടത്തേണ്ടി വരും. രണ്ടാമത്തെ ഡോസ വാക്സിൻ എടുത്ത് 28 ദിവസം കഴിഞ്ഞാണ് പിസിആർ പരിശോധന നടത്തേണ്ടത്. ഈ പരിശോധനയിൽ നെഗററീവ് ആകുന്നവരുടെ പേര് അൽഹൊസൻ ആപ്പിൽ തെളിയും. ഇതിന്റെ കാലാവധി ഒരാഴ്ചയായിരിക്കും.
ഇളവുകൾ തുടർന്നു ലഭിക്കണമെങ്കിൽ വീണ്ടും പിസിആർ പരിശോധന നടത്തണം. ഇതു തുടരുന്നവർക്ക് നാട്ടിൽ പോയി വന്നാൽ ക്വാറന്റീൻ വേണ്ട. വാക്സിൻ എടുത്തവർക്കായി ആരോഗ്യമന്ത്രാലയം ഇന്നലെയിറക്കിയ പെരുമാറ്റച്ചട്ടത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഗ്രീൻ പട്ടികയിലെ രാജ്യങ്ങളിൽ നിന്നുളളവർക്ക് വിമാനത്താവളത്തിൽ പിസിആർ പരിശോധനയുണ്ടാകും. ആറുദിവസത്തിനുളളിൽ വീണ്ടും പിസിആർ വേണം. എന്നാൽ ക്വാറന്റീൻ വേണ്ട. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽനിന്നുളളവർക്ക് പിസിആർ വേണം. 10 ദിവസത്തെ ക്വാറന്റീനുമുണ്ടാകും.