കുടിയേറ്റം: അറബ് രാജ്യങ്ങളിൽ സൗദി ഒന്നാമത്

ജിദ്ദ: കുടിയേറ്റ രാജ്യങ്ങളുടെ പട്ടികയിൽ അറബ്- ഇസ്‌ലാമിക രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ഒന്നാമത്. അതേസമയം, ലോകത്ത് മൂന്നാം സ്ഥാനത്താണ് സൗദി. ഐക്യരാഷ്ട്ര സഭയുടെ ഇന്‍റർനാഷണൽ മൈഗ്രേഷൻ റിപ്പോർട്ട് പ്രകാരം കോവിഡ്- 19 നെത്തുടർന്ന് രാജ്യാന്തര കുടിയേറ്റത്തിൽ 30 ശതമാനത്തിന്‍റെ ഇടിവുണ്ടായപ്പോഴത്തെ കണക്കാണിത്. 5.1 കോടി കുടിയേറ്റക്കാർക്ക് ആതിഥേയത്വം വഹിക്കുന്ന യുഎസാണ് ഏറ്റവും വലിയ കുടിയേറ്റ രാജ്യമായി തുടരുന്നത്. 1.6 കോടി കുടിയേറ്റക്കാരുള്ള ജർമനി രണ്ടാമതും മൂന്നാംസ്ഥാനത്തുള്ള സൗദിയിൽ മാത്രം 1.3 കോടി കുടിയേറ്റക്കാരുണ്ട്.

നാലാംസ്ഥാനത്തുള്ള റഷ‍്യൻ ഫെഡറേഷനിൽ 1.2 കോടിയും യുകെയിൽ 90 ലക്ഷം കുടിയേറ്റക്കാരുമാണുള്ളത്. രാജ്യാന്തര കുടിയേറ്റക്കാരിൽ ലോകജനസംഖ്യയുടെ 3.6 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. 1.8 കോടി ഇന്ത്യക്കാരാണ് വിദേശങ്ങളിൽ കഴിയുന്നത്. ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റക്കാരും ഇന്ത്യക്കാർ.

ഇന്ത്യക്കാരായ പ്രവാസികൾ ഏറ്റവും കൂടുതലുള്ളത് യുഎഇയിൽ; 35 ലക്ഷം. യുഎസിൽ 27 ലക്ഷവും സൗദി അറേബ്യയിൽ 25 ലക്ഷവും ഇന്ത്യക്കാരുണ്ട്. ലോകത്തെ ഏറ്റവും വലിയ അന്തർദേശീയ ജനസംഖ്യ ഇന്ത്യയുടേതാണ്. ഏതെങ്കിലും രാജ്യങ്ങളിൽ മാത്രം ഒതുങ്ങാതെ ലോകം മുഴുവൻ അത് വ്യാപിച്ചു കിടക്കുന്നു.