അബുദാബി: യുഎഇയില്‍ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി അബുദാബി. അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള ചട്ടങ്ങളാണ് കര്‍ശനമാക്കിയിട്ടുള്ളത്. പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് അബുദാബിയില്‍ പ്രവേശിക്കുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് റിപ്പോര്‍ട്ടോ ഡിപിഐ ഫലമോ ഹാജരാക്കേണ്ടതുണ്ട്.
നേരത്തെ ഇത് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമായിരുന്നു സമര്‍പ്പിക്കേണ്ടിയിരുന്നത്. തുടര്‍ച്ചയായി അബുദാബിയില്‍ താമസിക്കുന്നവര്‍ക്ക് നാല്, എട്ട് ദിവസങ്ങളില്‍ പിസിആര്‍ പരിശോധനയ്ക്ക് ഹാജരാകേണ്ടതുണ്ട്. അബുദാബിയിലെത്തുന്ന ദിവസം മുതലാണ് ദിവസം കണക്കാക്കുന്നത്. മുന്‍പ് ആറാമത്തെ ദിവസം ഒരു പിസിആര്‍ പരിശോധന മാത്രമായിരുന്നു പ്രാബല്യത്തിലുണ്ടായിരുന്നത്.
ഇതോടെ ഞായറാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരികയും ചെയ്തിട്ടുണ്ട്. അബുദാബിയിലേക്ക് വരുന്നവര്‍ ഇന്ന് മുതല്‍ പുതിയ മാനദണ്ഡങ്ങളാണ് പാലിക്കേണ്ടതെന്ന് എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മറ്റി അറിയിച്ചു. അതേസമയം പൂര്‍ണ്ണമായി വാക്സിനെടുത്തവര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
യുഎഇ പൌരന്മാര്ക്കും പ്രവാസികള്‍ക്കും ഈ ചട്ടങ്ങള്‍ ഒരു പോലെ ബാധകമാണ്. എന്നാല്‍ വാക്സിനേഷന് ക്യാമ്ബെയിനില്‍ നിന്ന് രണ്ട് ഡോസ് വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്ക് ഇളവ് ലഭിക്കും. അതിന് പുറമേ മൂന്നാം ഘട്ട വാക്സിന് പരീക്ഷണങ്ങളില്‍ പങ്കാളികളായവര്‍ക്കും ഇളവ് ലഭിക്കും.