ജിദ്ദയിൽ മരണപ്പെട്ട കൊല്ലം സ്വദേശിയുടെ മൃതദേഹം റുവൈസിൽ മറവു ചെയ്തു

ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ട കൊല്ലം കിളികൊല്ലൂർ സ്വദേശി സലാഹുദ്ദീൻ(58) ന്റെ മൃതദേഹം ജിദ്ദ റുവൈസ് മഖ്ബറയിൽ മറവു ചെയ്തു. കൊല്ലം കിളികൊല്ലൂർ കളിയിൽ വീട്ടിൽ അബ്ദുൽ കലാം ഹാജി – നബീസ ബീവി ദമ്പതികളുടെ മകനാണ്.  27 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന സലാഹുദ്ദീൻ മഹ്ജർ ഷംസാൻ സോഫാബ്‌ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

ഈ മാസം നാട്ടിലേക്ക് പോകാനിരിക്കുന്നതിനിടെയാണ് അസുഖ  ബാധിതനായത്. കിംഗ് അബ്ദുൽ അസീസ് ആശുപതിയിൽ ചികിത്സയിലായിരുന്ന സലാഹുദ്ദീൻ കഴിഞ്ഞ ദിവസമാണ് ശ്വാസ തടസ്സം മൂലം മരണപ്പെട്ടത്. മരണവിവരമറിഞ്ഞു സഹോദരങ്ങളായ സിയാവുദ്ദീൻ (ദമ്മാം), നിസാമുദ്ദീൻ (റിയാദ്) എന്നിവർ ജിദ്ദയിലെത്തിയിരുന്നു. ഭാര്യ: ഷമ. മക്കൾ: മുഹമ്മദ് ഫർഹാൻ, ഫാത്തിമ. മരുമകൻ നിതിൻ നൗഷാദ്.

 നടപടിക്രമങ്ങൾക്ക് ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വളണ്ടിയർമാരായ മസ്ഊദ് ബാലരാമപുരം, ഹസൈനാർ മാരായമംഗലം, അബ്ദുൽ കരീം, മുസ്തഫ എന്നിവർ നേതൃത്വം നൽകി. സഹ ജീവനക്കാരും ബന്ധുക്കളും സാമൂഹ്യപ്രവർത്തകരുമടക്കം വലിയ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ അസർ നമസ്കാരാനന്തരം ജിദ്ദ റുവൈസ് മഖ്ബറയിൽ മൃതദേഹം മറവു ചെയ്തു.