ജിദ്ദ: കൂടുതൽ കോവിഡ് പ്രതിരോധ വാക്സിനുകൾക്ക് സൗദി അറേബ്യ അനുമതി നൽകിയേക്കും. ഇതുസംബന്ധിച്ച് പഠനം നടന്നുവരുകയാണെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് ജനറൽ അഥോറിറ്റി പ്രസിഡന്റ് ഡോ. ഹിഷാം അൽജദ്ഇ . നിലവിൽ ഫൈസർ ബയോടെക് വാക്സിനു മാത്രമാണ് അംഗീകാരമുള്ളത്.
സൗദിയിൽ കോവിഡ് പ്രതിരോധ കുത്തിവയപ്പ് ബോധവത്കരണം വലിയോ തോതിൽ നടന്നു വരുകയാണ്. ഭരണാധികാരികളും ഉന്നതോദ്യോഗസ്ഥരും വാക്സിൻ സ്വീകരിച്ച് മാതൃക കാട്ടിയിരുന്നു. എല്ലാവരും രണ്ടു ഡോസ് വാക്സിൻ സ്വീകരിക്കണമെന്നാണ് ഭരണകൂടം ലക്ഷ്യംവയ്ക്കുന്നത്.
വാക്സിൻ ഉൽപാദിപ്പിക്കുന്ന അഞ്ചു കമ്പനികൾ അതോറിറ്റിയിൽ ലൈസൻസിനായി അപേക്ഷിച്ചിട്ടുണ്ട്. എല്ലാ അപേക്ഷകളിന്മേലും നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ല. ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർണമാകാത്തതുകൊണ്ടാണിതെന്നും ഫുഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റി പ്രസിഡൻറ് പറഞ്ഞു. ഫയൽ സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായാൽ രണ്ടാഴ്ചക്കുള്ളിൽ വാക്സിൻ അംഗീകരിക്കാനുള്ള തീരുമാനം അതോറിറ്റി എടുക്കും. ബന്ധപ്പെട്ട അധികാരികളും ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും പാർശ്വഫലങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും പൂർണമായും പഠിച്ചശേഷമാണ് വാക്സിന് അംഗീകാരം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.