സിറിയക്കുനേരെ ഇസ്രായേല്‍ ആക്രമണം; 23 മരണം

ഡമസ്​കസ്​: സിറിയയെ ലക്ഷ്യമിട്ട്​ ഇസ്രായേല്‍ ആക്രമണം. കിഴക്കന്‍ സിറിയയില്‍ ചൊവ്വാഴ്​ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഏഴു സൈനികരുടെയും 16 പോരാളികളുടെയും മരണം സ്​ഥിരീകരിച്ചിട്ടുണ്ട്​. 2018നു ശേഷം ആദ്യമായാണ്​ രാജ്യത്തിനു മേല്‍ ഇത്ര ഭീതിദമായി ഇസ്രായേല്‍ തീ തുപ്പുന്നത്​.

ദെയ്​ര്‍ അല്‍സൂര്‍ മുതല്‍ ബൂകമാല്‍ മരുഭൂമി വരെ നീണ്ടുനില്‍ക്കുന്ന നിരവധി പ്രദേശത്തായി 18 ആക്രമണമാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​.

ഹിസ്​ബുല്ല, ഇറാന്‍- അഫ്​ഗാന്‍ വംശജരായ പോരാളികള്‍ എന്നിവരുടെ സാന്നിധ്യമുള്ള മേഖലകളിലാണ്​ ആക്രമണമുണ്ടായത്​. സൈനികരും മിലീഷ്യകളുമായി 28 പേര്‍ക്ക്​ പരിക്കേറ്റിട്ടുമുണ്ട്​.

അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തി​െന്‍റ സഹായത്തോടെയാണ്​ ആക്രമണമുണ്ടായതെന്ന്​ മുതിര്‍ന്ന ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്‌​ അസോസിയേറ്റഡ്​ പ്രസ്​ റിപ്പോര്‍ട്ട്​ ചെയ്​തു. സിറിയയിലെ നിരവധി വെയര്‍ഹൗസുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. സിറിയയിലെ ഇ​റാന്‍ സംഭരണ കേന്ദ്രത്തെ ലക്ഷ്യമി​ട്ടെന്നാണ്​ വിശദീകരണം. എന്നാല്‍, ഇസ്രായേല്‍ ഇതുസംബന്ധിച്ച്‌​ പ്രതികരിച്ചിട്ടില്ല. ഒരാഴ്​ചക്കിടെ രണ്ടാം തവണയാണ്​ സിറിയയില്‍ ഇ​സ്രായേല്‍ ആക്രമണം നടത്തുന്നത്​. ഇറാനെ സിറിയയുമായും ഇറാഖുമായും ബന്ധപ്പെടുത്തുന്ന ഇടനാഴിയായാണ്​ മേഖല അറിയപ്പെടുന്നത്​.

2020ല്‍ മാരതം മേഖലയിലെ 50 ഇടത്താണ്​ ഇസ്രായേല്‍ ആക്രമണം നടത്തിയത്​. 2011ല്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചശേഷം ഇത്​ നൂറുകണക്കിന്​ വരും.