വെസ്റ്റ് ബാങ്കിലെ അധിനിവേശം ശക്തമാക്കാനുള്ള ഇസ്രായേല്‍ തീരുമാനത്തിനെതിരെ സൗദി അറേബ്യ

റിയാദ്: വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ അധിനിവേശം ശക്തമാക്കാനുള്ള തീരുമാനത്തിനെതിരെ സൗദി അറേബ്യ. വെസ്റ്റ് ബാങ്കില്‍ 800 പാര്‍പ്പിട യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് ഇസ്രായേല്‍ നീക്കം.
രാജ്യാന്തര തീരുമാനങ്ങളുടെ കടുത്ത ലംഘനമാണ് ഇസ്രായേല്‍ തീരുമാനം. സമാധാന ശ്രമങ്ങള്‍ക്കുള്ള നീക്കത്തിന് ഇതു തിരിച്ചടിയുണ്ടാക്കുമെന്നും സൗദി മന്ത്രാലയം വ്യക്തമാക്കി.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ 800 വീടുകള്‍ നിര്‍മിക്കാനാണ് ഇസ്രായേല്‍ പദ്ധതി. ഇതു പലസ്തീന്റെ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണ്. അതേസമയം ട്രംപ് ഭരണകൂടത്തിന്റെ അനുമതിയോടെയാണ് ഇസ്രായേല്‍ നീക്കം. മിക്ക രാജ്യങ്ങളും സംഭവത്തില്‍ അപലപിച്ചിട്ടുണ്ട്.
അതേസമയം നിര്‍മാണം എന്നു തുടങ്ങുമെന്ന് പറഞ്ഞിട്ടില്ല. വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പും ഉള്‍ക്കൊള്ളുന്ന പ്രദേശമാണ് പലസ്തീനികള്‍ സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ചു കിട്ടണമെന്നു പറയുന്ന പ്രദേശം. 1967ല്‍ യുദ്ധത്തിലൂടെ ഇസ്രായേല്‍ പിടിച്ചെടുത്ത ഭൂമിയാണ് വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമും. സ്വതന്ത്ര പലസ്തീന്‍ സ്ഥാപിച്ചാല്‍ മാത്രമേ മേഖലയില്‍ സമാധാനം കൈവരൂ. വെസ്റ്റ് ബാങ്കില്‍ 30 ലക്ഷം പലസ്തീനികളും അഞ്ചു ലക്ഷം ഇസ്രായേലികളും ഇവിടെ താമസിക്കുന്നുണ്ട്.
1967 ജൂണില്‍ വെസ്റ്റ് ബാങ്കും കിഴക്കന്‍ ജെറുസലേമും ആറുദിവസ യുദ്ധത്തിലൂടെ ഇസ്രായേല്‍ പിടിച്ചടക്കുകയായിരുന്നു.