ജക്കാർത്ത: ഇന്തോനേഷ്യ തലസ്ഥാനം ജക്കാർത്തയിൽനിന്ന് ബോണിസ് ദ്വീപിലെ പോണ്ട്യാനക്കിലേക്കുള്ള യാത്രക്കിടെ കാണാതായ ശ്രീവിജയ എയർ വിമാനത്തിന്റെ രണ്ടു ബ്ലാക് ബോക്സുകൾ കണ്ടെത്തി.
വിമാനത്തിന്റെ മറ്റ് അവശിഷ്ടങ്ങളും ശരീര ഭാഗങ്ങളും ജാവാ കടലിൽ കണ്ടെടുത്തതിനു പിന്നാലെയാണ് ബ്ലാക് ബോക്സുകൾ കണ്ടെത്തിയത്. ഇതോടെ, അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് കരുതുന്നത്. കടലിൽ 23 മീറ്റർ ആഴത്തിലാണ് വിമാന അവശിഷ്ടങ്ങൾ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത്. അതേസമയം, എവിടെയും ജീവന്റെ തുടിപ്പ് കണ്ടെത്താനായിട്ടില്ല.
അവശിഷ്ടങ്ങൾ കണ്ടെത്തിയ കാര്യത്തിൽ മുങ്ങൽ വിദഗ്ധരുടെ സംഘത്തിൽനിന്നു തന്നെ വിവരങ്ങൾ ലഭിച്ചതായാണ് എയർ ചീഫ് മാര്‍ഷൽ ഹാദി ജാജാന്റൊ പ്രസ്താവനയിൽ അറിയിച്ചത്. സമുദ്ര ജലത്തിൽ വിമാനത്തിന്റെ ഭാഗങ്ങൾ വ്യക്തമായി കണ്ടെന്നും ജീവന്റെ തുടിപ്പു കണ്ടെത്താനായിട്ടില്ലെന്നുമാണ് ലഭിക്കുന്ന വിവരം.
വിമാനം തകര്‍ന്നുവീണ ഇടം അതാണെന്ന് ഉറപ്പാണ്. വിമാനത്തിന്റെ ചട്ടക്കൂട് ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. നേരത്തേ മുങ്ങൽ വിദഗ്ധർ വസ്ത്രങ്ങളുടെ ഭാഗങ്ങള്‍, ലോഹത്തകിടുകൾ, ശരീരാവശിഷ്ടങ്ങൾ തുടങ്ങിയവ കടലിൽനിന്നു മുകളിലേക്കെത്തിച്ചിരിന്നു. വിമാനത്തിലുണ്ടായിരുന്ന ആരെങ്കിലും രക്ഷപ്പെട്ടതായി ഇതുവരെ വിവരമില്ല. വിമാന ദുരന്തത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോകോ വിദോദോ അനുശോചനം അറിയിച്ചു.
ശനിയാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് രണ്ടരയോടു കൂടി ജക്കാർത്തയുടെ വടക്കൻ തീരത്തുള്ള ദ്വീപുകളിലെ മത്സ്യത്തൊഴിലാളികൾ സ്ഫോടനശബ്ദം കേട്ടതായി അറിയിച്ചിട്ടുണ്ട്. എന്നാൽ ഇവർക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലായിരുന്നില്ല.