അബുദാബിയിലെ അരയന്ന സങ്കേതം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

അബുദാബി: പരിസ്ഥിതി ഏജന്‍സി – അബുദാബി (ഇഎഡി) ജനുവരി ഒന്നു മുതല്‍ അല്‍ വാത്ബ വെറ്റ് ലാന്‍ഡ് റിസര്‍വ് (അരയന്ന സങ്കേതം) പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നു. അബുദാബിയില്‍ സ്ഥാപിതമായ ആദ്യത്തെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ ഇവിടം കോവിഡ് വ്യാപനത്തെതുടര്‍ന്നാണ് അടിച്ചിട്ടത്.

യുഎഇയുടെ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ 1998 ല്‍ സ്ഥാപിച്ച ഇവിടം മധ്യ അബുദാബിയില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കുകിഴക്കായിട്ടാണ് സ്ഥിതി ചെയ്യുന്നത്. അഞ്ച് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായി പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ജലാശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഇവിടെ തണ്ണീര്‍ത്തടങ്ങള്‍, ഉപ്പ് ഫ്ളാറ്റുകള്‍, ഫോസിലൈസ് ചെയ്ത മണലുകള്‍, മണ്‍കൂനകള്‍ എന്നിവ ഉള്‍പ്പെടുന്നു. 260 ലധികം ദേശാടന പക്ഷികളുടെ ആവാസകേന്ദ്രമാണിത്. പ്രധാന ആകര്‍ഷണം ശൈത്യകാലത്ത് ഇവിടുത്തെ ഊഷ്മള കാലാവസ്ഥ ആസ്വദിക്കാന്‍ ആയിരക്കണക്കിന് ഫ്ലമിംഗോകള്‍ തണ്ണീര്‍ത്തടങ്ങളിലേക്ക് പറന്നിറങ്ങുന്ന കാഴ്ചയാണ്. ചിലത് വര്‍ഷം മുഴുവനും ശേഷിക്കുന്നു. ഏകദേശം 4,000 അരയന്നങ്ങള്‍ റിസര്‍വില്‍ മാത്രം വസിക്കുന്നു. മാത്രവുമല്ല 230 ലധികം ഇനം അകശേരുക്കള്‍, 11 സസ്തനികള്‍, 10 ഉരഗങ്ങള്‍, 35 ലധികം ഇനം സസ്യങ്ങളും ഇവിടെയുണ്ട്.

തണ്ണീര്‍ത്തട സംരക്ഷണ കേന്ദ്രത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ദോഷം വരുത്താതെ ജൈവവൈവിധ്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. ഇവിടെ സ്ഥാപിച്ച പ്രത്യേക പ്ലാറ്റ്ഫോമില്‍നിന്നുകൊണ്ട് വന്യജീവികളെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സാധിക്കും. 1.5 കിലോമീറ്റര്‍, 3 കിലോമീറ്റര്‍ നീളമുള്ള കാല്‍നടയാത്രകള്‍ സന്ദര്‍ശകര്‍ക്ക് പ്രയോജനപ്പെടുത്താം.

എല്ലാ ആഴ്ചയും ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെ രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. മുസഫയിലൂടെയും മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലൂടെയും യാത്ര ചെയ്യുകയാണെങ്കില്‍, അത് ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലേക്കുള്ള യാത്രയിലാണ്. പ്രവേശനം സൗജന്യമാണ്.