റിയാദ്: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്കൊപ്പം സൗദി അറേബ്യയിലെ പ്രവാസികളും ക്രിസ്മസ് ആഘോഷിച്ചു. 25 ദിനങ്ങളില്‍ നോമ്പ് നോറ്റ് പ്രാര്‍ഥനാനിര്‍ഭരമായാണ് ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിച്ചത്.
വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയും നക്ഷത്രവിളക്കുകള്‍ തൂക്കിയും ക്രിസ്മസ് കേക്കുകള്‍ നിര്‍മിച്ചുമാണ് ഓരോ വീടുകളും ക്രിസ്മസിനെ വരവേറ്റത്. ക്രിസ്മസ് കേക്കുകള്‍ കൈമാറാനും കുടുംബയോഗങ്ങളും ഒപ്പം ചെറിയ കൂട്ടായ്മകളും സംഘടിപ്പിച്ചു കോവിഡ് കാലത്തും ക്രിസ്മസ് ആഘോഷിച്ചു.
മലയാളി അസോസിയേഷനുകള്‍ ഇന്നു നടത്താനിരുന്ന പല പരിപാടികളും കോവിഡ് പ്രോട്ടോകോള്‍ കാരണം മാറ്റിവെച്ചിരുന്നു. അതേസമയം രണ്ടാഴ്ചകള്‍ക്കുമുമ്പ് തന്നെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കു തുടക്കമിട്ടത് വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് ഘടകമാണ്. ക്രിസ്മസ് കേക്ക് മുറിച്ചും സാന്താക്ലോസ് വേഷമിട്ടും ആടിയും പാടിയും ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ അവര്‍ ആഘോഷിച്ചു.
നിരവധി മലയാളി സംഘടനകള്‍ ചെറിയ രീതിയില്‍ വീടുകളില്‍ ആഘോഷം ഒരുക്കിയിരുന്നു. സ്‌നേഹവിരുന്നാണ് ഇതില്‍ പ്രധാനം. അതേസമയം അമേരിക്കന്‍ എംബസി അടക്കമുള്ള വിവിധ കോണ്‍സുലേറ്റുകളിലും ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.
ഫിലിപൈനികള്‍ മാളുകളില്‍ ഫുഡ് മേളകളും ക്രിസ്മസ് പാര്‍ട്ടികളും പ്രത്യേകം സംഘടിപ്പിച്ചിരുന്നു. ക്രിസ്മസ് ഉല്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ച ഷോപ്പുകളില്‍ വിവിധ വര്‍ണങ്ങളില്‍ അലങ്കരിച്ചിരുന്നു. മാളുകളില്‍ കേക്കുകള്‍ക്ക് പ്രത്യേക ഓഫര്‍ ഏര്‍പ്പെടുത്തി.
ഈ വര്‍ഷത്തെ ക്രിസ്മസ് വെള്ളിയാഴ്ച ആയതിനാല്‍ ഗള്‍ഫ് രാജ്യങ്ങളെല്ലായിടത്തും അവധിയായിരുന്നു. ഇക്കാരണത്താല്‍ പ്രത്യേകിച്ച് അവധി എടുക്കാതെ തന്നെ എല്ലാവര്‍ക്കും ക്രിസ്മസ് ആഘോഷിക്കനായി.