അബുദാബി: യു.എ.ഇയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ദേശീയ ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയായ ‘യു.എ.ഇ പാസ്’ വഴി മാത്രം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകരും എല്ലാവര്ക്കും യു.എ.ഇ പാസ് നിര്‍ബന്ധമാണ്.
ദേശീയ തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐ.ഡിയുടെ ഡിജിറ്റല്‍ പകര്‍പ്പാണ് യു.എ.ഇ പാസ്. മൂന്നു വര്‍ഷം കാലാവധിയുള്ള ഡിജിറ്റല്‍ രേഖയാണ് ലഭിക്കുക. സ്മാര്‍ട് പാസ്, ദുബൈ ഐ.ഡി തുടങ്ങിയ ആപ്പുകള്‍ക്കു പകരം ഇനി യു.എ.ഇ പാസ് മാത്രം ഉപയോഗിച്ചാല്‍ മതിയാകും.
യു.എ.ഇയില്‍ വിസ എടുക്കുക, കെട്ടിടം വാടകയ്ക്ക് എടുക്കുക, വാടകക്കരാര്‍ (തൗതീഖ്) അറ്റസ്റ്റ് ചെയ്യുക, വാഹനം റജിസ്റ്റര്‍ ചെയ്യുക, കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുക, സ്കൂള്‍ ഫീസ് അടയ്ക്കുക, ബാങ്ക് ഇടപാട് നടത്തുക തുടങ്ങി എല്ലാ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും യു.എ.ഇ പാസ് നിര്‍ബന്ധമാണ്.സാമൂഹിക വികസന വിഭാഗത്തിന്റെ സേവനവും ഇനി യു.എ.ഇ പാസ് വഴി ലഭിക്കും.
സ്മാര്‍ട് ആപ്പ്, uaepass.ae പോര്‍ട്ടല്‍, കിയോസ്ക് എന്നീ മൂന്നു രീതിയില്‍ സേവനം ഉപയോഗപ്പെടുത്താം. പ്ലേ സ്റ്റോര്‍, ആപ്സ്റ്റോര് എന്നിവിടങ്ങളില്‍നിന്ന് UAE PASS ഡൗണ്‍ലോഡ് ചെയ്ത് എമിറേറ്റ്സ് ഐഡി, മൊബൈല്‍ നമ്ബര്‍, ഇമെയില്‍ ഐഡി നല്കി റജിസ്റ്റര്‍ ചെയ്താല്‍ യുസര്‍ ഐഡിയും പാസ്വേഡും ലഭിക്കും.
രഹസ്യ പിന്‍നമ്ബര്‍ നല്‍കിയോ വിരലടയാളമോ മുഖമോ സ്കാന്‍ ചെയ്തോ ആപ്പ് ഉപയോഗിക്കാം. സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക് യു.എ.ഇയിലെ ടൈപ്പിങ് സെന്റര്‍ വഴി യു.എ.ഇ പാസ് ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയുണ്ടാക്കാം.
വിവിധ എമിറേറ്റിലെ സ്മാര്‍ട് സേവന ആപ്പുകളും യു.എ.ഇ പാസുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രാദേശിക, കേന്ദ്ര സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ രേഖയായിരിക്കും യു.എ.ഇ പാസ്.