ഗൃഹപ്രവേശനത്തിന്റെ തലേന്ന് സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഹാരിസ് വിടവാങ്ങി

കണ്ണൂര്‍: വളരെക്കാലം അധ്വാനിച്ച് നിര്‍മിച്ച വീട്ടില്‍ ഒരു ദിവസം പോലും താമസിക്കാനാകാതെ ഹാരിസ് വിടവാങ്ങി. ദുബായില്‍ നിന്ന് നാട്ടിലെത്തി ഗൃഹപ്രവേശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുന്നതിനിടെയാണ് ഗൃഹപ്രവേശനത്തിന്റെ തലേന്ന് പെരിങ്ങത്തൂര്‍ മത്തിപ്പറമ്പിലെ പരേതനായ മൊട്ടന്‍തറമ്മല്‍ കുഞ്ഞിമൂസ-ആയിശ ദമ്പതികളുടെ മകന്‍ ഹാരിസ്(44) മരിച്ചത്. ദുബയ് ദേര സബ്ക്കയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഹാരിസ്. പുതിയ വീട്ടില്‍ താമസം തുടങ്ങാനായി കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷംനത്ത്. മക്കള്‍: ഫാത്വിമത്ത് റിദ, ഫാത്വിമത്ത് നിദ, മുഹമ്മദ്. സഹോദരങ്ങള്‍: സക്കീന, ഹമീദ്, മുനീര്‍(ഖത്തര്‍).