മടങ്ങിയെത്തിയ പ്രവാസിയാണോ? എങ്കിൽ കിട്ടും 3 ലക്ഷം രൂപ സബ്‌സിഡിയുള്ള വായ്‌പ

മടങ്ങിയെത്തിയ പ്രവാസിയാണോ? എങ്കിൽ കിട്ടും 3 ലക്ഷം രൂപ സബ്സിഡിയുള്ള വായ്‌പ.രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടിലേയ്ക്ക് സ്ഥിരമായി മടങ്ങിയ പ്രവാസികൾ ഈ പുനരധിവാസപദ്ധതിക്ക് അർഹരാണ്. തിരികെയെത്തുന്ന പ്രവാസികൾക്കായി നോർക്ക റൂട്ട്സ് അവതരിപ്പിക്കുന്ന ഈ പുനരധിവാസ പദ്ധതിയാണ് നോർക്ക ഡിപ്പാർട്ട്മെന്റ് പ്രൊജക്ട് ഫോർ റിട്ടേൺ എമിഗ്രൻസ് (NDPREM).

ആനുകൂല്യങ്ങൾ

പരമാവധി 30 ലക്ഷം രൂപ വരെ അടങ്കൽ മൂലധന ചെലവു വരുന്ന പദ്ധതികൾക്ക് വായ്പ ലഭ്യമാണ്.
വായ്പയുടെ 15% അതായത് പരമാവധി 3 ലക്ഷം രൂപ വരെ സബ്സിഡി ലഭ്യമാണ്.
വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 4 വർഷത്തേയ്ക്ക് 3% പലിശയിളവും ഉണ്ടായിരിക്കുന്നതാണ്.

ഏതൊക്കെ മേഖലകളിലാണ് വായ്പ ലഭിക്കുന്നത്?

കാർഷിക വ്യവസായം (കോഴി വളർത്തൽ, മത്സ്യകൃഷി, ക്ഷീരോത്പാദനം, ഭക്ഷ്യസംസ്കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളർത്തൽ, പച്ചക്കറി കൃഷി, പുഷ്പക്കൃഷി, തേനീച്ച വളർത്തൽ തുടങ്ങിയവ) കച്ചവടം, സേവനങ്ങൾ (റിപ്പയർ ഷോപ്പ്, റസ്റ്റോറന്റുകൾ, ഹോം സ്റ്റേ തുടങ്ങിയവ), ടാക്സി, ഉത്പാദന മേഖലയിലെ ചെറുകിട‑ഇടത്തരം സംരംഭങ്ങൾ (പൊടിമില്ലുകൾ, ബേക്കറി ഉത്പന്നങ്ങൾ, ഫർണിച്ചർ, സലൂണുകൾ, പേപ്പർ കപ്പ്, പേപ്പർ റിസൈക്ലിംഗ്, കമ്പ്യൂട്ടർ ഉപകരണങ്ങൾ മുതലായവ.

ഏതൊക്കെ സ്ഥാപനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ,ബാങ്ക് ഓഫ് ബറോഡ, സിൻഡിക്കേറ്റ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക് തുടങ്ങിയ ബാങ്കുകളും കേരള ഫിനാൻഷ്യൽ കോർപ്പറേഷനും കൂടാതെ പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ഉൾപ്പെടെയുള്ള പല സ്ഥാപനങ്ങളും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ മുഖാന്തിരം ഈടൊന്നുമില്ലാതെ10 ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്.

വായ്പ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ എന്തെല്ലാം?

∙2 വർഷം വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ട്, റേഷൻ കാർഡ്, ആധാർ, പാൻ, എന്നിവയുടെ അസലും പകർപ്പും.
∙3 പാസ്പോർട്ട് സൈസ് ഫോട്ടോ.
∙തുടങ്ങാനുദ്ദേശിക്കുന്ന പദ്ധതിയുടെ ലഘുവിവരണം.

എങ്ങനെ രജിസ്റ്റർ ചെയ്യാം ?

https://www.norkaroots.org/ndprem വഴി സ്വന്തമായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പർ:1800 425 3939/ 0471–2770500