മക്ക: യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ വിദേശി യുവാവിനെ മക്ക ക്രിമിനല്‍ കോടതി ഒന്നര വര്‍ഷം തടവിന് ശിക്ഷിച്ചു. യുവതിയുടെ സ്വകാര്യ ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്മെയില്‍ ചെയ്യുകയും മറ്റു യുവതികളെയും വഞ്ചിക്കുകയും ചെയ്ത കേസിലാണ് അറബ് വംശജനായ പ്രതിയെ കോടതി ശിക്ഷിച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതായി മുപ്പതുകാരി സുരക്ഷാ വകുപ്പുകള്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രതിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തിലൂടെ യുവാവിനെ സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞു.
പ്രതിയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത രണ്ടു മൊബൈല്‍ ഫോണുകളില്‍ യുവതികളെ ഫോട്ടോകള്‍ കണ്ടെത്തി. പരാതി നല്കിയ യുവതിയുടെ വ്യാജ പ്രൊഫൈലുണ്ടാക്കി നടത്തിയ ചാറ്റിംഗുകളും ലഭിച്ചു.
സൗദി പൗരന്മാര് ചമഞ്ഞ് പ്രതി മറ്റു അക്കൗണ്ടുകള്‍ വഴി യുവതികളുമായി ചാറ്റ് നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
പരാതിക്കാരിയായ യുവതിയുമായി സാമൂഹികമാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിച്ച താന്‍ ഒരു മാസത്തോളം ഓണ്‍ലൈനിലൂടെ യുവതിയുമായി ബന്ധം തുടര്‍ന്നതായും ഇതിനിടെ യുവതിയുടെ ഫോട്ടോകള്‍ നേടിയതായും ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. ഇതിനു ശേഷം തങ്ങള്‍ക്കിടയിലെ ബന്ധം തകര്‍ന്നു.
യുവതിയുടെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ ആരംഭിക്കുകയോ പരാതിക്കാരിയുടെ ഫോട്ടോകള്‍ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും യുവാവ് വാദിച്ചു. അന്വേഷണം പൂര്‍ത്തിയാക്കിയ സുരക്ഷാ വകുപ്പുകള്‍ നിയമ നടപടികള്‍ക്ക് കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് വഴി കോടതിക്ക് സമര്‍പ്പിച്ചു. കേസില്‍ വിവിധ കക്ഷികളുടെ മൊഴികള്‍ കേള്‍ക്കുകയും തെളിവുകള്‍ പരിശോധിക്കുകയും ചെയ്ത മക്ക ക്രിമിനല്‍ കോടതി പ്രതി കുറ്റക്കാരനാണെന്ന് വധിക്കുകയും ഒന്നര വര്‍ഷം തടവിന് ശിക്ഷിക്കുകയുമായിരുന്നു.