തണുപ്പ് കാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഗള്‍ഫ് രാജ്യങ്ങളില്‍ ശൈത്യകാലം ആരംഭിച്ചുകഴിഞ്ഞു. ശരീരത്തെ തണുപ്പില്‍ നിന്നകറ്റാന്‍ കമ്പിളി വസ്ത്രങ്ങള്‍ ധരിക്കുമെങ്കിലും ഭക്ഷണ പദാര്‍ഥങ്ങളില്‍ നമ്മള്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍ ഭക്ഷണ കാര്യങ്ങളില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ തന്നെ ഇവയെ നമുക്ക് പ്രതിരോധിക്കാം.

സമയത്ത് ഭക്ഷണം കഴിക്കുക
കൃത്യസമയത്ത് കഴിക്കണം. തണുപ്പ് കാലത്ത് ചൂടുള്ള ഭക്ഷണവും വേനല്‍ക്കാലത്ത് തണുപ്പ് പകരുന്ന ഭക്ഷണവും കഴിക്കുന്നത് സാധാരണയാണ്. ശ്രദ്ധിക്കേണ്ടത് ശരിയായ അനുപാതത്തിലുള്ള ഭക്ഷണം തിരഞ്ഞെടുക്കുവാനാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന ഭക്ഷണങ്ങള്‍ ആരോഗ്യക്രമത്തില്‍ ഉള്‍പ്പെടുത്തുക.

ഇഞ്ചി തണുപ്പു കാലത്ത് കൂടുതല്‍ ഉത്തമം
ജലദോഷവും പനിയും പ്രതിരോധിക്കുന്നതില്‍ ഇഞ്ചിക്കുള്ള കഴിവ് അപാരമാണ്. അതിനാല്‍ തണുപ്പ് കാലങ്ങളില്‍ ഇഞ്ചി കഴിക്കുന്നത് വളരെ നല്ലതാണ്.വെറുതെ കഴിക്കണമെന്നില്ല ജിഞ്ചര്‍ ചായ തയ്യാറാക്കി കഴിച്ചാലും മതി. ദഹനം എളുപ്പമാക്കാനും അസിഡിറ്റിക്കും വളരെ നല്ലതാണ് ഇഞ്ചി.

പച്ചക്കറികളും കഴിക്കുക
ശരീരാരോഗ്യത്തെ സംതുലനാവസ്ഥയില്‍ നിര്‍ത്തുന്നതില്‍ പച്ചക്കറികളും തണുപ്പ് കാലത്ത് ഉള്‍പ്പെടുത്തുക. ഇവ തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യും. ഗ്രീന്‍സ്, കാരറ്റ്, ബീറ്റ് റൂട്ട് തുടങ്ങിയവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

തേന്‍ അത്യുത്തമം
തണുപ്പ് കാലത്ത് തേന്‍ കഴിക്കുന്നത് ദഹനത്തിനും ആരോഗ്യത്തിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനും നല്ലതാണ്.

ബദാമിനുമുണ്ട് ഗുണങ്ങള്‍
ശൈത്യകാലത്തെ പ്രധാന പ്രശ്നമായ മലബന്ധത്തിന് നല്ല ഒറ്റമൂലിയാണ് ബദാം . പ്രമേഹരോഗത്തിനും നല്ലതാണ്. വിറ്റാമിന്‍ ഇ അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മത്തിനും വളരെ നല്ലത്.

മത്സ്യം ധാരാളം കഴിക്കുക
ശൈത്യകാലത്ത് മത്സ്യം ധാരാളം കഴിക്കുന്നത് നല്ലതാണ്. സിങ്ക് ധാരാളം ഉള്ളതിനാല്‍ ശ്വേതരക്താണുക്കളെ പ്രവര്‍ത്തനസജ്ജമാക്കി നിര്‍ത്തുവാന്‍ ഇത് സഹായിക്കുന്നു. രോഗപ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നു. മാംസം ആവശ്യത്തിന് കഴിക്കുക.

ചോളവും ഗുണം ചെയ്യും
ചോളം തണുപ്പ് കാലത്തിന് പറ്റിയ ഭക്ഷണമാണ്. ചോളത്തില്‍ വിറ്റാമിന്‍ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു.ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുകായും ചെയ്യുന്നു.

ജലാംശം കൂടുതലുള്ള പഴങ്ങള്‍ ഒഴിവാക്കുക
തണുപ്പ് കാലങ്ങളില്‍ ജലാംശമുള്ള പഴങ്ങളും ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. ജലാംശം അധികമുള്ള പഴങ്ങള്‍ കഴിച്ചാല്‍ ജലദോഷം വരും. പകരം പീച്ച്, ഓറഞ്ച്, കുരുവില്ലാത്ത മുന്തിരി എന്നിവ കഴിക്കാം.

ഈത്തപ്പഴം അത്യുത്തമം
ഈത്തപ്പഴം ദിവസവും കൃത്യ അളവില്‍ കഴിച്ചാല്‍ രോഗപ്രതിരോധ ശേഷി കൂടും. എള്ള് കഴിക്കുന്നതും നല്ലതാണ്. ശരീരത്തിന് ചൂട് പകരും. ശരീരപോഷണത്തിനും നല്ലതാണ്.

വിശപ്പ് കൂടും, വാരിവലിച്ച് കഴിക്കരുത്
തണുപ്പ് കാലത്ത് വിശപ്പ് കൂടുന്നതിനനുസരിച്ച് ഭക്ഷണം വാരിവലിച്ച് കഴിക്കരുത്. ഭക്ഷണം ചവച്ചരച്ച് കഴിക്കുക. കൃത്യത പാലിക്കുക.