നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കും വോട്ട് ചെയ്യാം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിദേശത്തുള്ള പ്രവാസികള്‍ക്കും വോട്ട് ചെയ്യാനാകും. കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്‌ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു.

ഇതോടെ പ്രവാസികളുടെ ദീര്‍ഘകാല ആവശ്യമാണ് അംഗീകരിക്കപ്പെടുന്നത്. ഇലക്‌ട്രോണിക് പോസ്റ്റല്‍ വോട്ട് പ്രവാസികള്‍ക്കായി നടപ്പാക്കാന്‍ സാങ്കേതികമായും ഭരണപരമായും തയ്യാറായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര നിയമ മന്ത്രാലയത്തെ അറിയിച്ചു. ഇലക്‌ട്രോണിക് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗരേഖയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇത കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ വിദേശത്തുള്ളവരും അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യും.

നിലവില്‍ പോസ്റ്റല്‍ വോട്ട് സര്‍വീസ് വോട്ടര്‍മാര്‍ക്ക് മാത്രമേ ഉള്ളൂ. ഇത് പ്രവാസി ഇന്ത്യക്കാര്‍ക്കും ബാധകമാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ 1961-ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ട് വരണം. ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ല. ഈ സാഹചര്യത്തിലാണ് നിയമ മന്ത്രാലയത്തിന് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്. അതായത് പന്ത് കേ്ന്ദ്ര സര്‍ക്കാരിന്റെ കോര്‍ട്ടില്‍ എത്തുകയാണ്. വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാരന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വന്ന് അഞ്ച് ദിവസത്തിന് ഉള്ളില്‍ വോട്ട് ചെയ്യാനുള്ള ആഗ്രഹം റിട്ടേണിങ് ഓഫീസറെ അറിയിക്കണം. തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍ ബാലറ്റ് പേപ്പര്‍ ഇമെയിലിലൂടെ വോട്ടര്‍ക്ക് അയക്കണം. ബാലറ്റ് പേപ്പറിന്റെ പ്രിന്റ് ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം ഏത് രാജ്യത്താണോ താമസിക്കുന്നത് അവിടുത്തെ ഇന്ത്യന്‍ എംബസി ജീവനക്കാരുടെ സാക്ഷ്യപത്രത്തോട് ഒപ്പം വോട്ട് മടക്കി അയക്കണം.

വോട്ട് തിരികെ അയക്കുന്നത് മടക്ക തപാലില്‍ ആണോ അതോ എംബസിക്ക് കൈമാറുകയാണോ വേണ്ടതെന്നതില്‍ വ്യക്തതയില്ല. പോസ്റ്റല്‍ വോട്ടുകള്‍ അതത് മണ്ഡലങ്ങളില്‍ എത്തിക്കുക എന്നത് ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍മാരുടെ ഉത്തരവാദിത്വം ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത് സംസ്ഥാനത്തെ മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കിട്ടുന്ന തപാല്‍ വോട്ടുകള്‍ തരംതിരിച്ച്‌ അതാത് മണ്ഡലങ്ങളിലേക്ക് കൈമാറും.

2014-ല്‍ വ്യവസായിയും മലയാളിയുമായ ഡോ. ഷംസീര്‍ വയലില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി ആണ് പ്രവാസി വോട്ട് ചര്‍ച്ചയാക്കിയത്. എംഎ യൂസഫലിയുടെ മരുമകനാണ് ഇദ്ദേഹം. പ്രവാസി വോട്ട് യാഥാര്‍ഥ്യമാക്കാന്‍ 2018 ഓഗസ്റ്റില്‍ സര്‍ക്കാര്‍ ലോക്സഭയില്‍ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഈ ബില്ല് രാജ്യസഭയില്‍ പാസാക്കുന്നതിന് ഉള്ള നടപടികള്‍ ഉണ്ടായില്ല. ഇതിനിടെയാണ് കമ്മീഷന്റെ പുതിയ നടപടി.