ജിദ്ദ: ആരോഗ്യമേഖലയിലെ മുഴുവന്‍ സേവനങ്ങളും പൂര്‍ണമായും ഡിജിറ്റല്‍വല്‍ക്കരിക്കുമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ. സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സേവനങ്ങള്‍ വിപുലീകരിക്കുന്നതിനും ഡിജിറ്റല്‍ ഹെല്‍ത്ത് സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയാദില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് കോണ്‍ഫറന്‍സ് എക്സിബിഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കല്‍ സേവനം ലഭിക്കാന്‍ കേന്ദ്രീകൃത അപ്പോയ്മെന്റ് ബുക്കിങിനുള്ള മൗഇദ് എന്ന ആപ്ലിക്കേഷന്‍ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഈ ആപ്ലിക്കേഷനില്‍ ഇതിനകം ഒരു കോടി 40 ലക്ഷം ആളുകള്‍ രജിസ്റ്റര്‍ ചെയ്തു. ആറുകോടി അപ്പോയ്മെന്റുകള്‍ നല്കി. ടെലി ഹെല്‍ത്ത് സര്‍വീസ് അഥവാ വെര്‍ച്വല്‍ ഹെല്‍ത്ത് കെയറിനായി മന്ത്രാലയം സ്വിഹ എന്ന ആപ്ലിക്കേഷനും പുറത്തിറക്കി. ഡോക്ടറുമായി ആശയവിനിമയം നടത്താന്‍ പൊതുജനങ്ങള്‍ക്ക് സൗകര്യം നല്കുന്ന ആപ്പാണിത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇത്തരം ആപ്പുകളിലൂടെ ആരോഗ്യസേവന രംഗത്ത് വലിയ പുരോഗതിയുണ്ടായതായും അദ്ദേഹം പറഞ്ഞു.