എയര്‍ ബബിള്‍ കരാര്‍ നടപ്പാക്കണമെന്ന ആവശ്യം ശക്തം
റിയാദ്: സൗദി അറേബ്യ- ഇന്ത്യ വിമാനസര്‍വീസ് പുനരാരംഭിച്ചാലുടന്‍ അവധിക്ക് പോകാന്‍ കാത്തിരിക്കുന്നത് പതിനായിരങ്ങള്‍. നിരവധി കമ്പനികളാണ് സൗദിയില്‍ വിമാന സര്‍വീസ് ആരംഭിക്കാത്ത കാരണം പറഞ്ഞ് ജീവനക്കാര്‍ക്ക് അവധി നല്‍കാത്തത്. നിലവില്‍ ചാര്‍ട്ടേഡ് വിമാനങ്ങളും വന്ദേഭാരത് വിമാനങ്ങളും പറക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് മടക്കം നേരിട്ട് സാധ്യമല്ല.
യു.എ.ഇയില്‍ ഇറങ്ങി 14 ദിവസത്തെ ക്വാറന്റൈന് ശേഷമാണ് സൗദിയിലേക്ക് ഇന്ത്യക്കാര്‍ എത്തുന്നത്. അതുകൊണ്ടു തന്നെ യാത്രയ്ക്ക് വന്‍ തുകയും അരമാസത്തോളം സമയവും എടുക്കുന്നു. ഇക്കാരണത്താല്‍ കമ്പനികള്‍ അവധി നിഷേധിക്കുകയാണ്. യു.എ.ഇ- സൗദി വിമാനടിക്കറ്റിനും വന്‍ തുകയാണ്.
ഫെബ്രുവരിക്ക് ശേഷം നാട്ടില്‍ അവധിക്ക് പോകേണ്ടിയിരുന്ന പതിനായിരങ്ങളാണ് ഇപ്പോള്‍ സൗദിയില്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ ജോലി ചെയ്യേണ്ടിവരുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ പോയിരുന്നവര്‍ക്ക് ഇപ്പോള്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കലായി എന്നതായി അവസ്ഥ. ഇത് സൗദിയിലെ വ്യാപാര സ്ഥാപനങ്ങളേയും ബാധിച്ചിരിക്കുകയാണ്. നാട്ടിലേക്ക് പോകുമ്പോഴുള്ള ഷോപ്പിങ് കുറഞ്ഞതോടെ സൂപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലും പാകിസ്ഥാനികളും ബംഗ്ലാദേശികളുമാണ് ഷോപ്പിങ് നടത്തുന്നത്.
അതേസമയം സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ക്കായി ഇന്ത്യന്‍ എംബസി ശ്രമം തുടരുന്നു. അംബാസഡറും ഡിസിഎമ്മും സിവില്‍ ഏവിയേഷന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെ എംബസി പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറിയും എയര്‍ ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഇന്ത്യന്‍ അംബാസഡറും ഡിസിഎമ്മും സിവില്‍ ഏവിയേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംബസി പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി അസീം അന്‍വര്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി ഡയറക്ടറുമായും കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യക്കും സൗദി അറേബ്യക്കും ഇടയില്‍ എയര്‍ ബബിള്‍ കരാര്‍ നടപ്പാക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച നടന്നത് . ഡിസംബര്‍ ആദ്യവാരത്തില്‍ ഇന്ത്യയിലെ ഏതാനും എയര്‍പോര്‍ട്ടുകളിലേക്കും തിരിച്ചും വിമാനസര്‍വീസ് ആരംഭിക്കാനുതകുന്ന വിധത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളുമായി സൗദിഅറേബ്യ എയര്‍ ബബിള്‍ കരാറില്‍ ഒപ്പ് വച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് 22 രാജ്യങ്ങളിലേക്ക് എയര്‍ ബബിള്‍ കരാര്‍പ്രകാരം വിമാനസര്‍വീസ് നടക്കുന്നുമുണ്ട്.
സൗദി അറേബ്യയുമായി ഈ കരാറില്‍ ഒപ്പുവയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നാണ് അറിയുന്നത്. എന്നാല്‍ സൗദി ഗവണ്‍മെന്റ് അനുകൂല നിലപാട് എടുക്കുന്നില്ലെന്നും അനൗദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിശദീകരണം.