ഒമാനിലെ പ്രവാസികളുടെ എണ്ണത്തിൽ കുറവു വന്നതായി കണക്കുകൾ. കോവിഡ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യവും പ്രവാസികളെ മാറ്റി “ഒമാനൈസേഷൻ” നടപ്പാക്കാനുള്ള നീക്കവും മൂലം ഒമാനിലെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം ഈ വർഷം 11.2 ശതമാനം കുറഞ്ഞു. 12 മാസത്തിനിടെ ഒമാൻ വിട്ടത് രണ്ടരലക്ഷത്തിലധികം പ്രവാസികളാണ്.
ഒമാന്റെ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ (എൻസിഎസ്ഐ) കണക്കുകൾ പ്രകാരം, 2020 ലെ ആദ്യ പകുതിയിൽ രാജ്യത്തെ മൊത്തം പ്രവാസി തൊഴിലാളികളുടെ എണ്ണം 9.3 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മൊത്തം ജനസംഖ്യയുടെ 38% പ്രവാസികളാണ്.
സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ പ്രവാസികളുടെ എണ്ണം ഒരു ശതമാനമാണ് കുറഞ്ഞത്, അതായത് 14,336 പേർ രാജ്യം വിട്ടു. സ്വകാര്യമേഖലയിലെ പ്രവാസികളുടെ എണ്ണം 1.138 ദശലക്ഷമായി. 17.4 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
പൊതുമേഖലയിലെ പ്രവാസി സംഖ്യ 22.2 ശതമാനം ഇടിഞ്ഞ് 42,895 ആയി. ആഭ്യന്തര മേഖലയിലെ പ്രവാസികളുടെ എണ്ണം 13.8 ശതമാനം 253,697 ആയി കുറഞ്ഞു.
എൻസിഎസ്ഐ ഡാറ്റ പ്രകാരം ഭൂരിഭാഗം പ്രവാസി തൊഴിലാളികളും മസ്കറ്റ് ഗവർണറേറ്റിലാണ് ജോലി ചെയ്യുന്നത്.
കാർഷിക, മത്സ്യബന്ധന മേഖലയിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 മാസത്തിനിടെ ഈ മേഖലയിൽ 66 ശതമാനമാണ് വിദേശികളുടെ എണ്ണത്തിൽ കുറവ് വന്നത്. കഴിഞ്ഞ വർഷം 60,122 വിദേശികളായിരുന്നു ഈ മേഖലയിൽ ജോലി ചെയ്തിരുന്നത്.
നിർമാണമേഖലയിലും വലിയ ഇടിവാണ് സംഭവിച്ചത്. ഒരുവർഷത്തിനിടെ 24.8 ശതമാനം പ്രവാസി ജീവനക്കാരാണ് രാജ്യം വിട്ടത്. ഈ വർഷം തുടക്കത്തിൽ പ്രവാസികളുടെ എണ്ണം 490,206 ആയിരുന്നു. നിലവിൽ അത് 382,414 ആയി കുറഞ്ഞിട്ടുണ്ട്. രാജ്യത്തെ ഇന്ത്യൻ പൗരന്മാരുടെ സാന്നിധ്യം 21 ശതമാനം കുറഞ്ഞ് 492,276 ലെത്തി. 2019 അവസാനത്തോടെ ഇത് 617,730 ആയിരുന്നു.
2020 ലെ ആദ്യ പകുതിയിൽ രാജ്യത്തെ മൊത്തം പ്രവാസി തൊഴിലാളികളുടെ എണ്ണം 9.3 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ ഇതേ കാലയളവിൽ മൊത്തം ജനസംഖ്യയുടെ 38% പ്രവാസികളാണ്. 2015 ൽ ഇത് 43.6% ആയിരുന്നു. ഇന്ത്യക്കാരും ബംഗ്ലാദേശികളും പാകിസ്ഥാനികളുമാണ് പ്രവാസികളിൽ ഭൂരിഭാഗവും. 2020 ന്റെ ആദ്യ പകുതിയിൽ ബംഗ്ലാദേശ് തൊഴിലാളികളുടെ എണ്ണം 8.9 ശതമാനം കുറഞ്ഞ് 590,748 ആയി. പാകിസ്ഥാൻ തൊഴിലാളികളുടെ എണ്ണവും 8.9 ശതമാനം കുറഞ്ഞ് 192,676 ആയി.
567,000 തൊഴിലാളികളടക്കം 700,000 ത്തോളം വരുന്ന ഇന്ത്യൻ സമൂഹം ഒമാനിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായി തുടരുന്നു.