പാകിസ്ഥാനിയുടെ ഭാര്യയായ ഇന്ത്യക്കാരിയുടെ മൃതദേഹം ഖമീസില്‍ മറവ് ചെയ്തു

അബഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം ഖമീസില്‍ മരിച്ച പാകിസ്ഥാന്‍ സ്വദേശിയുടെ ഭാര്യയും ഇന്ത്യക്കാരിയുമായ താഹിറ (57) യുടെ മൃതദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഖമീസ് മുഷൈത്തില്‍ മറവ് ചെയ്തു. ഹൈദരാബാദ് സ്വദേശികളായ മുഹമ്മദലി മെഹബൂബിയ ദമ്പതികളുടെ മകളും പാകിസ്ഥാന്‍ സ്വദേശി മുനീര്‍ ഹുസൈന്റെ ഭാര്യയുമായ താഹിറയാണ് കഴിഞ്ഞദിവസം മരിച്ചത്.

താഹിറ ഇന്ത്യക്കാരിയും ആദ്യ ഭര്‍ത്താവ് സൗദി പൗരനും നിലവിലെ പങ്കാളി പാക്കിസ്ഥാനിയും ആയതിനാല്‍ മറവ് ചെയ്യുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ക്ക് കാലതാമസം വന്നപ്പോള്‍ പാകിസ്ഥാനിയായ ഭര്‍ത്താവ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയായിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ട സോഷ്യല്‍ ഫോറം ഖമീസ് മുഷൈത് ബ്ലോക്ക് സെക്രട്ടറി മിഹ്‌റുദീന്‍ പോങ്ങനാടിന്റെ നേതൃത്വത്തില്‍ അസീറിലെ സാമൂഹ്യ പ്രവര്‍ത്തകനും സിസിഡബ്ല്യൂഎ l മെമ്പറുമായ ഹനീഫ് മഞ്ചേശ്വരത്തിന്റെ സഹായത്തോടെ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി അഹദ് റുഫൈദ കബര്‍സ്ഥാനില്‍ മറവുചെയ്തു. വിഷയത്തില്‍ ഇടപെട്ട ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ക്കും ഇന്ത്യന്‍ എംബസിക്കും പാകിസ്ഥാനി മുനീര്‍ ഹുസൈന്‍ നന്ദി അറിയിച്ചു.