വാഷിങ്ടണ്‍: അമേരിക്കയില്‍ 11 ലക്ഷത്തോളം കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിന് വഴിതുറന്ന് പുതിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അഞ്ചു ലക്ഷം ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് പ്രയോജനം ലഭിക്കുന്ന പുതിയ മാര്‍ഗരേഖയ്ക്ക് ബൈഡന്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹത്തിന്റെ പ്രചാരണ വിഭാഗം അറിയിച്ചു. ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിരോധിച്ച ട്രംപിന്റെ ഉത്തരവും റദ്ദാക്കിയേക്കും.
അമേരിക്കയിലേക്ക് സ്വാഗതം ചെയ്യുന്ന അഭയാര്‍ഥികളുടെ വാര്‍ഷിക എണ്ണം 1,25,000 ആക്കും. കാലക്രമത്തില്‍ അമേരിക്കയുടെ ഉത്തരവാദിത്തത്തിനും മൂല്യങ്ങള്‍ക്കും അഭൂതപൂര്‍വമായ ആഗോള ആവശ്യത്തിനുമനുസരിച്ച് അതുയര്‍ത്തും. വര്‍ഷത്തില്‍ കുറഞ്ഞത് 95000 അഭയാര്‍ഥികളെയെങ്കിലും ഉള്‍ക്കൊള്ളാന്‍ ബൈഡന്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. നിയമപരമായ കുടിയേറ്റ പരിഷ്‌കരണം പാസാക്കാനും അമേരിക്കന്‍ വ്യവസ്ഥയെ ആധുനികവല്‍ക്കരിക്കാനും ഉടന്‍തന്നെ നടപടി ആരംഭിക്കും. കുടുംബങ്ങളെ വേര്‍പെടുത്തിയ ട്രംപിന്റെ നയത്തിന് പകരം കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിനായിരിക്കും മുന്‍ഗണന. കുടുംബാധിഷ്ഠിത കുടിയേറ്റത്തെ പിന്തുണയ്ക്കും. കുടുംബങ്ങളെ ഒന്നിപ്പിക്കല്‍ അമേരിക്കന്‍ കുടിയേറ്റ സംവിധാനത്തിന്റെ പ്രധാന തത്വമായി സംരക്ഷിക്കും.