വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്നു നിര്‍മിച്ച മണിയറയിലെ അശോകന്‍ നെറ്റ്ഫ്‌ളിക്‌സില്‍ ഒന്നാമത്. ജേക്കബ് ഗ്രിഗറിയാണ് ചിത്രത്തിലെ നായകന്‍. കഴിഞ്ഞദിവസമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്സില്‍ മണിയറയിലെ അശോകന്‍ റിലീസ് ചെയ്തത്.
നേരിട്ട് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയാണ് മണിയറിയിലെ അശോകന്‍. തിരുവോണദിവസമായ ഓഗസ്റ്റ് 31നാണ് നെറ്റ്ഫ്‌ളിക്‌സില്‍ സിനിമ റിലീസ് ചെയ്തത്. ഇന്ത്യയില്‍ മാത്രമല്ല യുഎഇയിലും നെറ്റ്ഫ്‌ളിക്‌സില്‍ ടോപ് 10 സിനിമകളില്‍ ഒന്നാമതാണ് മണിയറയിലെ അശോകന്‍.
നവാഗതനായ ഷംസു സായ്ബാ സംവിധാനം ചെയ്ത ചിത്രത്തില്‍ ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍, വിജയരാഘവന്‍, ശ്രിദ്ധ ശിവദാസ്, ശ്രീലക്ഷ്മി, നയന തുടങ്ങിയവര്‍ വേഷമിടുന്നു. അനു സിതാര, സണ്ണി വെയ്ന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ അതിഥിവേഷങ്ങളിലും എത്തുന്നുണ്ട്.
ഗ്രാമീണ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്ന സിനിമയില്‍ അശോകനും അശോകന്റെ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് അവതരിപ്പിക്കുന്നത്. വിനീത് കൃഷ്ണന്‍ തിരക്കഥയെഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം സജാദ് കാക്കുവും എഡിറ്റിങ് അപ്പു ഭട്ടതിരിയും നിര്‍വഹിച്ചു.